vaccine

തിരുവനന്തപുരം : കേരളത്തിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ആദ്യഘട്ടത്തിനായി​ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിന്റെ 4,33,500 ഡോസ് ഇന്നെത്തും.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വിമാനങ്ങളിൽ എത്തിക്കുന്ന വാക്സിൻ റീജിയണൽ സ്റ്റോറുകളിൽ സൂക്ഷിക്കും.ശനിയാഴ്‌ചയാണ് വാക്‌സിനേഷൻ തുടങ്ങുന്നത്. ഇതിനായി റീജിയണൽ സ്റ്റോറുകളിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള 133 വാ‌ക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കും.ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവയ്‌പ്. 3,62,870 പേരാണ് വാ‌ക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1,70,259 പേർ സർക്കാർ മേഖലയിലും 1,92,611 പേർ സ്വകാര്യ മേഖലയിലുമാണ്.സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളെയും ആയുഷ് മേഖലയെയും സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഉണ്ടാവും.ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്‌സിൻ കുത്തിവയ്ക്കും. രജിസ്റ്റർ ചെയ്ത മറ്റുള്ളവർക്ക് ശനിയാഴ്ചയ്ക്ക് ശേഷം ഏതുദിവസമാണ് വാ‌ക്സിനേഷനെന്ന് പിന്നീട് അറിയിക്കും.

ഇന്ന് എത്തുന്നത്

തിരുവനന്തപുരത്ത് 1,34,000 ഡോസ്

എറണാകുളത്ത് 1,80,000 ഡോസ്

കോഴിക്കോട്ട് 1,19,500 ഡോസ്

മാഹിക്ക് 1,100 ഡോസ്

133 കേന്ദ്രങ്ങൾ

 ഒരുദിവസം 100പേ‌ർക്ക്

എറണാകുളത്ത് 12 കേന്ദ്രങ്ങൾ

തിരുവനന്തപുരത്തും കോഴിക്കോട്ടും 11 കേന്ദ്രങ്ങൾ വീതം

മറ്റു ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതം.

'സ്റ്റോറുകളിൽ നിന്ന് കുത്തിവയ്‌പ് കേന്ദ്രങ്ങളിൽ വാക്‌സിൻ എത്തിക്കാനും വാ‌ക്‌സിനേഷനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.'

-മന്ത്രി കെ.കെ.ശൈലജ