oommen-chandi

തിരുവനന്തപുരം: കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി കാർഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂർണമായി പിൻവലിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ഏകപക്ഷീയമായി വിദഗ്ദ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് വലിച്ചിഴച്ചും ഇനിയും കർഷകരെ ദ്രോഹിക്കരുത്. വിദഗ്ദ്ധസമിതിയംഗങ്ങൾ കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. കർഷകർക്ക് സ്വീകാര്യമായ വിദഗ്ദ്ധസമിതിയാണ് വേണ്ടത്. കർഷകർക്കുവേണ്ടി കൊണ്ടുവന്ന നിയമത്തെ കർഷകർ തന്നെ എതിർക്കുമ്പോൾ, ഇതു കർഷകർക്കുവേണ്ടിയുള്ളതല്ലെന്ന് വ്യക്തം.

കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സഹനസമരം നടത്തി വരുന്ന കർഷകരെ അഭിവാദ്യം ചെയ്യുന്നു. കർഷകരോടൊപ്പം അടിയുറച്ചുനിന്ന് കോൺഗ്രസ് കാർഷിക കരിനിയമങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഉമ്മൻചാണ്ടി അറിയിച്ചു.