തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിലെ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഉന്നത ഉദ്യോഗസ്ഥർക്കാണെന്ന ഹൈക്കോടതി പരാമർശത്തിന് പിന്നാലെ, വിദേശസഹായ നിയന്ത്രണ ചട്ടലംഘനത്തിനു പുറമെ, അഴിമതിനിരോധന നിയമവും ചുമത്തി കേസ് കടുപ്പിക്കാനാണ് സി.ബി.ഐ നീക്കം.എമിറേറ്റ്സ് റെഡ്ക്രസന്റ് നൽകിയ 20കോടിയിൽ 4.48കോടി കോഴയായി നൽകിയെന്നും സ്വപ്നയുടെ ലോക്കറിലെ ഒരു കോടി ലൈഫ് കരാർ കിട്ടിയ യൂണിടാക്, ശിവശങ്കറിന് നൽകിയ കോഴയാണെന്നുമാണ് കണ്ടെത്തൽ. ആറ് ഐഫോണുകളും നൽകിയെന്ന് കമ്പനിയുടമ സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്. ഫോണിന് 3.93ലക്ഷം ചെലവായി. ഇതിലൊരു ഫോണാണ് ശിവശങ്കർ ഉപയോഗിച്ചിരുന്നത്.ഒരു കുറ്റകൃത്യത്തിൽ രണ്ട് ഏജൻസികളുടെ അന്വേഷണം നിയമപരമല്ലാത്തതിനാൽ, വിജിലൻസിന്റെ കേസ് റദ്ദാകാനാണിട. ഒരു കോടിക്ക് മുകളിലെ വിദേശസംഭാവന അന്വേഷിക്കാൻ സി.ബി.ഐക്കാണ് അധികാരം. ലൈഫിലെ 36പദ്ധതികളിൽ 26ഉം രണ്ട് കമ്പനികൾക്ക് ലഭിച്ചതിലും അന്വേഷണമുണ്ടാവും. വിദേശത്തടക്കം ഗൂഢാലോചന നടത്തിയതിന് ഐ.പി.സി120 (ബി) വകുപ്പ് സി.ബി.ഐ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധസംഘടനകളുടെ സഹായം സ്വീകരിക്കാം. മറ്റു പദ്ധതികൾക്ക് വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണം. ലൈഫിലേത് അധോലോക ഇടപാടാണെന്നാണ് സി.ബി.ഐ പറയുന്നത്. ലൈഫ് മിഷനുമായുള്ള ധാരണാപത്രത്തിന്മേലാണ് 20 കോടി എത്തിയത്. ധാരണാപത്രം ഇല്ലെങ്കിൽ കോഴയിടപാട് അസാദ്ധ്യമായിരുന്നു. ഒപ്പിട്ട സി.ഇ.ഒ യു.വി.ജോസും അംഗീകരിച്ച ഉദ്യോഗസ്ഥരും സർക്കാരിന്റെ ഭാഗമാണ്. ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ഒപ്പിട്ടതെന്നും സി.ബി.ഐ വ്യക്തമാക്കി.
5 ഐ.എ.എസുകാർക്ക് കുരുക്ക്
തദ്ദേശ സെക്രട്ടറിയായിരുന്ന ടി.കെ.ജോസ്, സി.ഇ.ഒ യു.വി.ജോസ്, ചീഫ് സെക്രട്ടറിയായിരുന്ന ടോംജോസ്, നോർക്ക സെക്രട്ടറി ഇളങ്കോവൻ എന്നിവരും കുരുക്കിലാണ്. ശിവശങ്കറിനെ വിജിലൻസ് അഞ്ചാംപ്രതിയാക്കി. സി.ബി.ഐയും പ്രതിയാക്കും.
ഇനി ഇങ്ങനെ
മിനുട്ട്സ്, നിർമ്മാണക്കരാർ അടക്കമുള്ള രേഖകളെല്ലാം സർക്കാർ ഹാജരാക്കണം.
ധാരണാപത്രം മുതൽ കരാർ നൽകിയതിൽ വരെ അന്വേഷണമുണ്ടാവും
സി. ബി. ഐക്ക് ഏത് ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാൻ അധികാരമായി
കുരുക്കിയത് ശിവശങ്കർ
#വടക്കാഞ്ചേരി പദ്ധതിയുടെ ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്തെന്ന് സി. ബി. ഐ
#നിർമ്മാണക്കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്കർ.
#പദ്ധതിയുടെ പ്രാരംഭ ചർച്ച നടത്തിയത് സ്വർണക്കടത്ത് പ്രതി സന്ദീപ്‌നായർ
#കോഴ കൈമാറിയശേഷം ശിവശങ്കറിനെ കണ്ടിട്ടാണ് കരാർ കിട്ടിയതെന്ന് കമ്പനിയുടമ
#യൂണിടാകിന് സഹായം നൽകാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്ന് യു.വി.ജോസ്
#പദ്ധതിരേഖകൾ സ്വപ്നയ്‌ക്ക് ചോർത്തി നൽകി ഒത്തുകളിച്ചതും ശിവശങ്കർ
തേടുന്നത് 6 രേഖകൾ
1)റെഡ്ക്രസന്റുമായുള്ള ധാരണാപത്രം
2)ആരോഗ്യ, തദ്ദേശ വകുപ്പ് അനുമതികൾ
3ഭൂമി വാങ്ങിയതിന്റെ വിവരങ്ങൾ
4)കെ.എസ്.ഇ.ബി, നഗരസഭ ബന്ധം
5)തൃശൂരിലെ ലൈഫ് കോ-ഓർഡിനേറ്ററുടെ റോൾ
6നിർമ്മാണ കമ്പനികളുമായുള്ള ആശയവിനിമയങ്ങൾ
വിജിലൻസ് അന്വേഷണം അപ്രസക്തമാവും. ശിവശങ്കർ കേന്ദ്ര ഉദ്യോഗസ്ഥനായതിനാൽ സി.ബി.ഐക്ക് അഴിമതി വിരുദ്ധനിയമം ചുമത്താം.
-ജസ്റ്റിസ് ബി.കെമാൽപാഷ