നാഗർകോവിൽ: തേങ്ങാപട്ടണത്തിൽ നിന്ന് കടൽ മാർഗ്ഗം കടത്താൻ ശ്രമിച്ച ആറ് ടൺ മഞ്ഞൾ പൊലീസ് പിടികൂടി. ഇന്നലെയായിരുന്നു സംഭവം. കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം ഹാർബറിനടുത്ത് ഇരയമ്മൻതുറയിൽ എട്ടാം തീയതി മുതൽ ബോട്ടുകൾ കൂട്ടമായി നിറുത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇതിൽ ചില ബോട്ടുകൾ മഞ്ഞൾ കടത്തുന്നതായി നിദ്രവിള പൊലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ലക്ഷദ്വീപ് രജിസ്ട്രേഷനുള്ള ബോട്ടിൽ ആറ് ടൺ മഞ്ഞൾ കണ്ടെത്തിയത്. ഇതിന് 10 ലക്ഷത്തോളം വില വരുമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയെ പൊലീസ് തെരയുന്നു.