വിതുര: വിനോദസഞ്ചാരികളുടെ പറുദീസയായ പൊൻമുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ ആയിരങ്ങൾ എത്തി. കനത്ത മഴയും ശക്തമായ കോടമഞ്ഞും നിറഞ്ഞതാണ് ഇപ്പോൾ പൊൻമുടി. കഴിഞ്ഞ ഒരാഴ്ചയായി സന്ധ്യകഴിഞ്ഞാൽ കനത്തമഞ്ഞ് വീഴ്ചയാണ് പൊൻമുടിയിൽ. പൊൻമുടിയിൽ തുടങ്ങുന്ന മഞ്ഞ് കല്ലാറിനും ഇപ്പുറം 25 കിലോമീറ്ററേളം വരുന്ന വിതുര തൊളിക്കോട് മേഖലയിൽ വരെ വ്യാപിക്കുന്നുണ്ട്. എന്നാൽ പ്രദേശം മുഴുവൻ കോടമഞ്ഞിൽ തണുത്തുറഞ്ഞിട്ടും സഞ്ചാരികളുടെ ഒഴുക്കിനെ ഒരുകുറവുമില്ല. ഒരു ആകാശയാത്രയുടെ ത്രില്ലാണ് തങ്ങൾക്ക് പൊൻമുടി യാത്രയിൽ നിന്നും കിട്ടുന്നതെന്നാണ് സഞ്ചാരികൾ പറയുന്നത്. അതേസമയം ഇവിടെ എത്തുന്ന സഞ്ചാരികൾ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടുന്നുണ്ടെന്ന പരാതിക്ക് ഒരുകുറവുമില്ല. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
പൊൻമുടി കയറി സഞ്ചാരികൾ
കൊവിഡ് വ്യാപനത്തെ തുടർന്ന് ഒമ്പത് മാസം അടച്ചിട്ടിരുന്ന പൊൻമുടി ഡിസംമ്പർ 19 നാണ് സഞ്ചാരികൾക്ക് തുറന്നു കൊടുത്തത്. അന്ന് മുതൽ ആരംഭിച്ച ടൂറിസ്റ്റുകളുടെ പ്രവാഹം ദിനംപ്രതി വർദ്ധിക്കുകയാണ്. ഒരു ദിവസം ഇരുപതിനായിരം പേർ വരെ പൊൻമുടി മല കയറും. ചില ദിവസങ്ങളിൽ സഞ്ചാരികൾ വർദ്ധിക്കുമ്പോൾ ആയിരക്കണക്കിന് പേരെ കല്ലാറിൽ വച്ച് മടക്കി അയയ്ക്കും. സന്ദർശനാനുമതി ലഭിക്കാത്തവർ വനപാലകരുമായി തർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്.
സന്ദർശനം ഇരുപത് ദിവസം പിന്നിട്ടപ്പോൾ സഞ്ചാരികളുടെ എണ്ണം ഒരു ലക്ഷം കടന്നു.
വനംവകുപ്പിന് പാസ് ഇനത്തിൽ മുപ്പത് ലക്ഷത്തിൽ പരം രൂപയും ലഭിച്ചു.
കാഴ്ചയൊരുക്കി കാട്ടാനയും, കാട്ടുകുരങ്ങും
പൊൻമുടിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് കാട്ടുകുരങ്ങുകളും, കാട്ടാനയും. കല്ലാർ ഗോൾഡൻവാലിക്ക് മുകളിലാണ് കാട്ടുകുരങ്ങുകൾ തമ്പടിച്ചിരിക്കുന്നത്. ടൂറിസ്റ്റുകൾ നൽകുന്ന ഭക്ഷണവും പ്രതീക്ഷിച്ച് കുരങ്ങുകൾ വഴിയരികിൽ തന്നെ ഉണ്ടാകും. കുരങ്ങുകൾ പൊൻമുടിയിലേക്ക് ചേക്കേറിയിട്ട് ഒരുവർഷമേ ആകുന്നുള്ളു. മഴയും മഞ്ഞും വ്യാപിച്ചതോടെ കാട്ടാനകളും പൊൻമുടു കീഴടക്കി. രാത്രികാലങ്ങളിൽ റോഡരികിൽ വരെ ഇവർ എത്തും. പുലർച്ചെ ബസ് എത്തുമ്പോഴും കാട്ടാനകൾ റോഡിൽ തന്നെ കാണും. പകൽ സമയം മുഴുവൻ പൊൻമുടിക്കുന്നിലും ഇവർ ഉണ്ടാകും. സഞ്ചാരികൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഇവർക്കൊപ്പം കാട്ടുപോത്തുകളൊയും പീലിവിടർത്തിനിൽക്കുന്ന മയിലുകളെയും കാണാം.