കാസർകോട്: ബേക്കൽ കോട്ട കാണാനെത്തുന്ന വിനോദ സഞ്ചാരികൾ പേ.ടി.എം സംവിധാനത്തിന്റെ തകരാർ കാരണം വലയുന്നു. പ്രവർത്തിക്കാത്ത ക്യു ആർ കോഡ് കൂടിയായതോടെ കോട്ട കാണാനാകാതെ നിരാശരായി മടങ്ങേണ്ടി വരികയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കടലാസ് പ്രവേശന പാസ് ഒഴിവാക്കി ഡിജിറ്റിൽ പേയ്‌മെന്റ് സംവിധാനത്തിലൂടെ പ്രവേശന ഫീസ് നൽകി സന്ദർശകരെ അനുവദിക്കുന്നത്.
ഇതിനായി ക്യു ആർ കോഡ് ഉപയോഗിച്ചോ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ സൈറ്റിൽ കയറി ഓൺലൈനായി ടിക്കറ്റ് എടുക്കുകയായ ചെയ്യണം. കോട്ടയുടെ മുന്നിലുള്ള ക്യു ആർ കോഡ് സംവിധാനം പ്രവർത്തനക്ഷമമല്ല. ഗൂഗിൾ പേ അനുവദിക്കാതെ പേ.ടി.എം മാത്രം സ്വീകരിക്കുന്നതിനാൽ ടൂറിസ്റ്റുകൾ പലരും പ്രയാസം അനുഭവിക്കുന്നുണ്ട്. സ്‌കാനറിൽ ഒരുതവണ അഞ്ചുപേർക്ക് മാത്രമാണ് ടിക്കറ്റ് നൽകുന്നത്. ആറ് അംഗങ്ങളുള്ള കുടുംബമാണെങ്കിൽ രണ്ടുവട്ടം എടുക്കണം. സെർവർ, നെറ്റ് പ്രശ്നങ്ങൾ മൂലം പലപ്പോഴും ഉദ്ദേശിച്ച സമയത്ത് എ.എസ്.ഐയുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം നടക്കുന്നില്ല.
ഇതോടെ കോട്ടയിലേക്കുള്ള പ്രവേശനവും വൈകും. ഇത്തരം പ്രശ്നങ്ങൾ കാരണം പലരും ബേക്കൽ കോട്ടയുടെ പുറത്തെ മതിൽ കണ്ട് മടങ്ങേണ്ട അവസ്ഥയിലാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സന്ദർശകർ പോലും കഴിഞ്ഞ ദിവസം ഇത്തരത്തിൽ കോട്ടയ്ക്കുള്ളിൽ കയറാൻ കഴിയാതെ മടങ്ങി.
ഇന്നലെയും നിരവധി പേരാണ് മണിക്കൂറുകൾ കാത്തിരുന്ന ശേഷം മടങ്ങിയത്. കോട്ടയുടെ ചുമതലയുള്ള വിരലിലെണ്ണാവുന്ന എ.എസ്.ഐ ജീവനക്കാർ ആവുംവിധം സന്ദർശകരെ സഹായിക്കാൻ മുന്നോട്ടുവരുന്നുണ്ടെങ്കിലും തിരക്ക് വർധിക്കുമ്പോൾ അവരും നിസഹായരാകും. ഒരുദിവസം 1000 സന്ദർശകരെന്ന പരിധിയും ഇപ്പോൾ കൂട്ടിയിട്ടുണ്ട്. 25 രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് ഫീസ് വേണ്ട. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയാണ് സന്ദർശനം. പരാതിപ്പെടാൻ ബേക്കലിൽ സംവിധാനം ഇല്ലാത്തതിനാൽ പരിഹാരവും നീളുന്നുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത് തൃശൂരാണ്. ബേക്കലിൽ ടിക്കറ്റ് നൽകാൻ ചുമതലപ്പെടുത്തിയ കരാർ ജീവനക്കാർ മാത്രമാണുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ കോട്ടകളുടെ ചുമതല കൈകാര്യം ചെയ്യുന്നത് കണ്ണൂർ കോട്ടയിലുള്ള ഓഫീസിൽ നിന്നാണ്.
ബൈറ്റ്
കുടുംബസമേതം ബേക്കൽ കോട്ട കാണാൻ എത്തിയതാണ്. പാസ് കിട്ടാൻ ഒരു ലിങ്കും വർക്ക് ചെയ്യുന്നില്ല. സംവിധാനങ്ങൾ എല്ലാം അവതാളത്തിലാണ്. മണിക്കൂറുകൾ കാത്ത് നിന്ന് നിരാശരായി.
ടി.വി. പ്രസാദ്
(തൃക്കരിപ്പൂർ എളമ്പച്ചി)