v-muraleedharan

ന്യൂഡൽഹി: ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ഒഴിവാക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളിയതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ വാദത്തിനേറ്റ വലിയ തിരിച്ചടിയാണിത്. വടക്കാഞ്ചേരി പദ്ധതിയിൽ വിദേശ സംഭാവന നിയന്ത്രണനിയമം ലംഘിച്ചെന്ന സി.ബി.ഐ വാദം അംഗീകരിച്ചാണ് തുടർ അന്വേഷണത്തിന് ഉത്തരവിട്ടത്. കേന്ദ്ര ഏജൻസിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക കുപ്രചാരണമാണ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും നടത്തിയത്. കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ഭയന്നാണ് സർക്കാർ തിടുക്കത്തിൽ വിജിലൻസ് അന്വേഷണമെന്ന പുകമറ സൃഷ്ടിച്ചത്. ലൈഫ് മിഷൻ സി.ഇ.ഒക്കെതിരെയുള്ള തുടർ അന്വേഷണം സി.ബി.ഐ ആരംഭിക്കുന്നതോടെ ക്രമക്കേടിൽ പങ്കുള്ള മറ്റു പ്രമുഖരുടെ വിവരങ്ങളും പുറത്ത് വരുമെന്നും മുരളീധരൻ ആരോപിച്ചു.