തിരുവനന്തപുരം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകളിൽ ഹരിത ഓഡിറ്റ് ആരംഭിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആദ്യ പരിശോധന നടത്തി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം ജില്ലാതല ഹരിത ഓഡിറ്റിന് തുടക്കമിട്ടു. നൂറിൽ 94 മാർക്ക് നേടി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് എ ഗ്രഡ് ഹരിത ഓഫീസായി. വരും ദിവസങ്ങളിൽ ജില്ലയിലെ ആറു താലൂക്കിലെയും സർക്കാർ ഓഫീസുകളിൽ ഹരിത ഓഡിറ്റ് നടത്തും.
നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ പതിനായിരം ഓഫീസുകളാണ് ഹരിത ഓഫീസുകളാക്കി മാറ്റുന്നത്. ഇതിന്റെ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിവിധ ഗ്രേഡുകൾ ലഭിച്ച ഹരിത ഓഫീസുകൾക്ക് സാക്ഷ്യപത്രവും അവാർഡും വിതരണം ചെയ്യും. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി മൻമോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത റാണി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജസ്റ്റിൻ ജി, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡി. ഹുമയൂൺ തുടങ്ങിയവർ പങ്കെടുത്തു.