muhama

കോട്ടയം: വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുടെ വൻ ശേഖരവുമായി യുവാവ് കോട്ടയത്ത് പിടിയിൽ. ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയായ മുഹമ്മദ് അൽത്താഫ് (21) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

നഗരത്തിലെ പാഴ്‌സൽ സർവീസുകളിൽ ഡെപ്യൂട്ടി കമ്മിഷണർ സുൽഫിക്കറിന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിലാണ് മയക്ക് മരുന്ന് കടത്തുന്നതായുള്ള സൂചന ലഭിച്ചത്. മുഹമ്മദ് അൽത്താഫിന്റെ കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മയക്ക് മരുന്ന് ഉപയോഗിക്കുന്നവരിൽ പാർട്ടി ഡ്രഗ്, പെർഫ്യൂം പൗഡർ എന്നീ ഓമനപ്പേരുകളിലാണ് എം.ഡി.എം.എ അറിയപ്പെടുന്നത്. ജില്ലയിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്. ഇരുപത് ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കോട്ടയം എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറിന്റെയും കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജികുമാറിന്റെയും നേതൃത്വത്തിലായിരുന്നു റെയിഡ്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടോംസി, ജി. കിഷോർ, പ്രിവന്റീവ് ഓഫീസർ അരുൺ സി.ദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലാലു തങ്കച്ചൻ, ഉണ്ണികൃഷ്ണൻ , ശൃംകുമാർ, അമൽ എന്നിവർ പങ്കെടുത്തു.