തിരുവനന്തപുരം: ജനഗ്രഹയുടെ രാജ്യത്തെ മികച്ച നഗരങ്ങളുടെ അവാർഡിന് തിരുവനന്തപുരം നഗരസഭ വീണ്ടും അർഹമായി. നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം എന്ന ക്യാമ്പയിനാണ് തിരുവനന്തപുരം നഗരസഭയെ ഈ അവാർഡിന് അർഹയാക്കിയത്. വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതിയിലൂടെ നഗരത്തെ ശുചിത്വവും സൗന്ദര്യവുമുള്ള നഗരമാക്കി മാറ്റിയതിന്റെ അംഗീകാരമാണ് ഈ അവാർഡ്. രാജ്യത്ത് മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനം, നഗരസഭ, സംസ്ഥാന ഇലക്‌ഷൻ കമ്മിഷൻ, ധനകാര്യ കമ്മിഷൻ എന്നിവയ്ക്കാണ് ജനഗ്രഹ അവാർഡ് നൽകുന്നത്. ആസൂത്രണത്തിലും വിവിധ പദ്ധതികളുടെ നിർവഹണത്തിലും നടത്തുന്ന പ്രവർത്തനങ്ങളെവിലയിരുത്തിയാണ് അവാർഡിന് അർഹരായവരെ കണ്ടെത്തുന്നത്. ഓൺലൈനായി നടന്ന അവാർഡ് പ്രഖ്യാപനം കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി നിർവഹിച്ചു. പരിപാടിയിൽ മേയർ ആര്യ രാജേന്ദ്രൻ ഓൺലൈനായി പങ്കെടുത്തു. അവാർഡ് പ്രഖ്യാപന വേളയിൽ പ്രായംകുറഞ്ഞ മേയർ എന്ന നിലയിൽ തിരുവനന്തപുരം മേയറെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.