തിരുവനന്തപുരം: തലസ്ഥാനത്ത് താൻ വാങ്ങിയെന്ന് പറയുന്ന സ്വകാര്യ ആശുപത്രി തന്റേതാണെങ്കിൽ സർക്കാർ ഏറ്റെടുക്കണമെന്ന് വി.എസ്.ശിവകുമാർ നിയമസഭയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം കള്ളപ്രചാരണംനടത്തി വേട്ടയാടുകയാണ്. ആശുപത്രി ഞാൻ വിലയ്ക്കുവാങ്ങിയെന്ന അടിസ്ഥാനരഹിതമായ ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയിലും ചിലർ ഉയർത്തിയിരുന്നു. അന്വേഷണത്തിൽ ആശുപത്രി മറ്റൊരാളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരാവകാശരേഖയും ഇക്കാര്യം സ്ഥിരീകരിക്കുന്നു
26 വർഷംമുമ്പ് മരിച്ച ഭാര്യാപിതാവിന്റെ പേരിൽ അഞ്ചുവർഷം മുമ്പ് മന്ത്രിയായിരുന്നപ്പോൾ വസ്തു വാങ്ങിയെന്നതാണ് മറ്റൊരു ആരോപണം. അത്തരത്തിൽ വസ്തു ഉണ്ടെങ്കിൽ അതും സർക്കാർ ഏറ്റെടുക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു.
സി.പി.എം ശ്രമം ഗുജറാത്ത് മോഡൽ വർഗ്ഗീയതയ്ക്ക്: പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് സി.പി.എം സംസ്ഥാനത്ത് ഗുജറാത്ത് മോഡൽ വർഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നതായി നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷം ആരോപിച്ചു.
അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാനാണ് കോൺഗ്രസ് ശ്രമമെന്നാരോപിച്ചാണ് ഗുജറാത്തിൽ ബി.ജെ.പി. ഭൂരിപക്ഷ വർഗ്ഗീയത ഇളക്കിവിട്ട് സംസ്ഥാന ഭരണം പിടിച്ചത്. അതേ രീതിയിൽ അമീറും കുഞ്ഞാലിയും ഹസനും ചേർന്ന് ഭരണം പിടിക്കാൻ ശ്രമിക്കുന്നുവെന്നാണിവിടെ സി.പി.എം പ്രചരിപ്പിക്കുന്നത്. മുസ്ലീം ഇതരസമുദായങ്ങളെ യു.ഡി.എഫിനെതിരെ തിരിക്കാനുള്ള നീക്കം അപകടകരമാണെന്ന് ലീഗ് അംഗങ്ങളായ എൻ. ഷംസുദ്ദീൻ, കെ.എൻ.എ.ഖാദർ, കോൺഗ്രസ് അംഗങ്ങളായ പി.ടി.തോമസ്,വി. ടി.ബലറാം, അനിൽ അക്കരെ തുടങ്ങിയവർ ആരോപിച്ചു.
കേരളത്തിൽ യു.ഡി.എഫിനെ തകർത്ത് ബി.ജെ.പിയെ വളർത്താനുള്ള സി.പി.എം ശ്രമം തുടർന്നാൽ വൈകാതെ ത്രിപുരയും ബംഗാളും കേരളത്തിൽ ആവർത്തിക്കുമെന്ന് എൻ.ഷംസുദ്ദീൻ പറഞ്ഞു. യു.പിയിൽ അറസ്റ്റിലായ കാപ്പന്റെ മോചനക്കാര്യം പറയുമ്പോൾ ഇടപെടാൻ പരിമിതിയുണ്ടെന്ന് പറയുന്നമുഖ്യമന്ത്രിക്ക് , പോക്സോ കേസിലുൾപ്പെട്ട എൻ.ഡി.എ നേതാവിനെ രക്ഷിക്കാൻ ആ പരിമിതിയുണ്ടായില്ലെന്ന് വി.ടി.ബലറാം പറഞ്ഞു. വർഗ്ഗീയത പടർത്തി അഴിമതി മൂടിവയ്ക്കാനാണ് സർക്കാർ ശ്രമമെന്ന് അനിൽ അക്കരെ പറഞ്ഞു.
കഴിഞ്ഞ ബഡ്ജറ്റിൽ തീരദേശം കുട്ടനാട് വയനാട് പാക്കേജുകളായിരുന്നു. ഇടുക്കി പാക്കേജ് 5000 കോടിയായിരുന്നു .എന്നിട്ട് ഒരു രൂപ ചെലവഴിച്ചില്ലെന്ന് പി.ജെ.ജോസഫ് കുറ്റപ്പെടുത്തി.