kovalam

കോവളം: വണ്ടിത്തടം പാലപ്പൂർ റോഡ് യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപം ദാറുൽസലാം ഹൗസിൽ പരേതനായ റിട്ട. ബി.ഡി.ഒ ലത്തീഫ് സാഹിബിന്റെ ഭാര്യ ജാൻ ബീവിയുടെ (78)​ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വൃദ്ധയുടെ സഹായിയുടെ കൊച്ചുമകനും അയൽവാസിയുമായ വണ്ടിത്തടം നെടിയവിള അലക്‌സ് ഭവനിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അലക്‌സിനെ (20) തിരുവല്ലം പൊലീസ് അറസ്റ്റുചെയ്‌തു. തിരുവല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ ഇവരെ ചുമരിലും തറയിലും തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. വൃദ്ധയുടെ വീട്ടിൽ സഹായിയായി ജോലിചെയ്യുന്ന മുത്തശ്ശി വഴി അലക്‌സ് ജാൻ ബീവിയോട് അടുപ്പം സ്ഥാപിച്ച ശേഷം സഹായങ്ങൾ ചെയ്‌തിരുന്നു. കൂടുതൽ വിശ്വാസ്യത പിടിച്ചുപറ്റിയതോടെ എന്താവശ്യം ഉണ്ടെങ്കിലും ഇവർ അലക്‌സിനെ അറിയിക്കുകയും ചെയ്‌തു. എന്നാൽ ബിരുദ വിദ്യാർത്ഥിയായ ഇയാൾ ആഡംബര ജീവിതത്തിൽ തത്പരനായിരുന്നു. പലപ്പോഴായി വൃദ്ധയുടെ വീട്ടിൽ നിന്നും 50,000ഓളം രൂപ അലക്‌സ് കവർന്നിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ചത്
പണത്തോടുള്ള ആർത്തി
------------------------------------------------


കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് വീട്ടിൽ ജാൻബീവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത വീട്ടിൽ താമസിക്കുന്ന മകൻ അൻവർ ജോലിക്ക് പോയിരുന്നു. ഇവരുടെ ദേഹത്തുണ്ടായിരുന്ന രണ്ടരപ്പവന്റെ സ്വർണമാലയും രണ്ട് പവന്റെ വളകളും കാണാതായെന്നും ദുരൂഹതയുണ്ടെന്നുമുള്ള മകന്റെ ആരോപണത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വിദഗ്ദ്ധ പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീട്ടിൽ സ്ഥിരമായി എത്താറുള്ളവരുടെ ലിസ്റ്റെടുത്ത ശേഷം ഇവരെ ഫോർട്ട് എ.സി പ്രതാപൻ നായരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്‌തിരുന്നു. മൊഴികളിലെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകളിലെയും വൈരുദ്ധ്യവും മനസിലാക്കിയതോടെയാണ് അലക്‌സിലേക്ക് അന്വേഷണം ആരംഭിച്ചത്. കാര്യങ്ങൾ കൈവിട്ടെന്ന് മനസിലാക്കിയതോടെ അലക്‌സ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ അറസ്റ്റുചെയ്‌ത പ്രതിയെ തെളിവെടുപ്പിനായി വണ്ടിത്തടത്തെ വൃദ്ധയുടെ വീട്ടിലും സ്വർണം ഒളിപ്പിച്ചുവച്ച പാരലൽ കോളേജിലും കൊണ്ടുവന്നു. പാരലൽ കോളേജിന്റെ പിറകുവശത്തെ സൺഷെയ്ഡിൽ ഒളിപ്പിച്ച് വച്ചിരുന്ന സ്വർണവും ഒരുലക്ഷം രൂപയും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. വൃദ്ധയുടെ മാല കാട്ടാക്കടയിലെ സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തിയ ഒരു ലക്ഷം രൂപയാണ് ഇതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. തിരുവല്ലം സി.ഐ സജികുമാർ, ഫോർട്ട് സി.ഐ രാകേഷ്, എസ്.ഐ വിമൽ, അനുരാജ്, തിരുവല്ലം എസ്.ഐ നിധിൻനളൻ എന്നിവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.

തിരിച്ചറിഞ്ഞതോടെ ജാൻബീവിയെ

കൊലപ്പെടുത്താൻ തീരുമാനിച്ചു
---------------------------------------------------

വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഉച്ചയ്ക്ക് 2.30ഓടെ കവർച്ച ലക്ഷ്യമിട്ടാണ് ഹെൽമെറ്റ് ധരിച്ച് അലക്‌സ് എത്തിയത്. വീടിന്റെ മുൻവശത്തെ കതക് അകത്തുനിന്നും പൂട്ടിയിരുന്നതിനാൽ നീളമുള്ള കമ്പ് ഉപയോഗിച്ച് ജനൽ വഴി കതകിന്റെ മുകളിലത്തെ കുറ്റി തള്ളി മാറ്റി. എന്നാൽ ഉറങ്ങാതെ കിടക്കുകയായിരുന്ന വൃദ്ധ ശബ്ദം കേട്ടതിനെ തുടർന്ന് മെല്ലെ ചുമരിൽ പിടിച്ച് ഹാളിലേക്ക് വന്നു. ഇതേസമയം അകത്തുകടന്ന അലക്‌സ് സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ വൃദ്ധ അലക്‌സിനെ തിരിച്ചറിഞ്ഞു. ' മോനെ അലക്‌സേ ' എന്ന് ഉറക്കെ വിളിച്ചപ്പോൾ സംഭവം വെളിച്ചത്താകുമെന്ന് മനസിലാക്കിയ അലക്‌സ് ജാൻബീവിയുടെ തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു. വൃദ്ധ മറിഞ്ഞു വീണതോടെ മാല തട്ടിയെടുത്തു. നിലത്തിട്ട് കൈകൾ പിന്നിൽ കൂട്ടിപ്പിടിച്ച ശേഷം വളയും മോഷ്ടിച്ചു. എന്നാൽ വൃദ്ധ മരിച്ചിട്ടില്ലെന്ന് മനസിലാക്കിയ അലക്‌സ് വീണ്ടും ജാൻബീവിയുടെ തല തറയിൽ ശക്തമായി ഇടിപ്പിക്കുകയും മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം രക്ഷപ്പെടുകയുമായിരുന്നു.