കോവളം: കരയിൽ നുഴഞ്ഞുകയറാനെത്തിയ ഭീകര വേഷധാരികളെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം തീരദേശ പൊലീസിന്റെ ' സീ വിജിൽ ' മോക്ക് ഡ്രില്ലിന്റെ ആദ്യദിനം. മുംബയ് ഭീകരാക്രമണത്തിന് പിന്നാലെ കടൽ വഴിയെത്തുന്ന ഭീകരരെ തടയാനും പിടികൂടാനുമുള്ള സുരക്ഷാ ഏജൻസികളുടെ ശേഷി പരിശോധിക്കാനായി നടത്തിയ മോക്ക്ഡ്രില്ലിലാണ് ' ഡമ്മി ഭീകരർ ' പിടിയിലായത്. കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന തീരദേശ പൊലീസ് വെട്ടുകാട് നിന്ന് ഏഴ് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ സംശയകരമായി കണ്ട ബോട്ടിനെ തടഞ്ഞുനിറുത്തിയാണ് പരിശോധന നടത്തിയത്. വിഴിഞ്ഞം തീരസംരക്ഷണ സേനയിലെ രണ്ട്‌ സൈനികരും തീരദേശ സ്റ്റേഷനിലെ ഒരു പൊലീസുകാരനുമാണ് ഭീകരരുടെ വേഷം കെട്ടിയത്. അഞ്ചുതെങ്ങിൽ നിന്ന് പുറപ്പെട്ട് വിഴിഞ്ഞം തുറമുഖം വഴി തലസ്ഥാനനഗരിയിൽ കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അപരിചിതരെ കണ്ടെത്താൻ തീരദേശത്ത് ഏഴോളം പൊലീസ് പിക്കറ്റുകൾ സ്ഥാപിച്ചതിനൊപ്പം കരയിൽ ബൈക്ക് പട്രോളിംഗും ജീപ്പ് പട്രോളിംഗും ഏർപ്പെടുത്തിയിരുന്നു. കടലിലും കരയിലും സംശയകരമായി ആരെ കണ്ടാലും വിവരം അറിയിക്കണമെന്ന് കടലോര ജാഗ്രത സമിതിക്കും മത്സ്യത്തൊഴിലാളികൾക്കും നിർദ്ദേശം നൽകി. നാവിക സേനയും തീരസംരക്ഷണസേനയും, തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ' സീ വിജിൽ ' മോക്ക് ഡ്രിൽ ഇന്ന് വൈകിട്ട് സമാപിക്കും.