പുതുക്കാട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ കത്തിച്ച കേസിലെ പ്രതി പിടിയിൽ. വടക്കെ തൊറവ് പാണെങ്ങാടൻ വീട്ടിൽ സ്റ്റുവർട്ട് (28) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ: ടി.എൻ. ഉണ്ണിക്കൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ കെ.എൻ. സുരേഷ്, എ.എസ്.ഐ: ബിനയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 22 ന് പുലർച്ചെ ആയിരുന്നു സംഭവം. തെക്കെ തൊറവ് അരണാട്ടുകരക്കാരൻ വീട്ടിൽ ഷീബ കുര്യന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറാണ് പ്രതി കത്തിച്ചത്.
ഷീബയുടെ വീട്ടുകാർ തന്നെ കാണുമ്പോൾ കളിയാക്കി ചിരിക്കുന്നു എന്ന കാരണത്താലാണ് കാർ കത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പാലിയേക്കരയിലുള്ള പെട്രോൾ പമ്പിൽ നിന്നും രണ്ട് കുപ്പികളിലായി പെട്രോൾ വാങ്ങി കാറിൽ ഒഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. സംശയിക്കുന്ന ആളുകളെ നിരിക്ഷിച്ചതിൽ നിന്നാണ് കുറ്റവാളിയെ കണ്ടെത്തിയത്.
സംഭവത്തിനു ശേഷം എറണാകുളത്തേക്ക് പോയ സ്റ്റുവർട്ട് കൈവശം ഉണ്ടായിരുന്ന പണം തീർന്നതിനാൽ കൂട്ടുകാരിൽ നിന്ന് രൂപ വാങ്ങിക്കുന്നതിനായി പുതുക്കാട് എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.