കാട്ടാക്കട: കാട്ടക്കടയിൽ കോഴികൾ കൂട്ടത്തോടെ ചത്തത് ഇ - കോളി ബാക്ടീരിയ കാരണമെന്ന് മൃഗ സംരക്ഷണ വകുപ്പ്. ആഴ്ചകളായി വിവിധ ഫാമുകളിലും വീടുകളിലും വളർത്തുന്ന കോഴികളാണ് കൂട്ടത്തോടെ ചത്തത്. പക്ഷിപ്പനിയല്ലെന്ന് പ്രാഥമിക നിഗമനത്തിൽ മൃഗസംരക്ഷണവകുപ്പ് പറഞ്ഞിരുന്നു. കോഴിവസന്ത ആയിരിക്കാമെന്ന സംശയമുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പിൾ പരിശോധന ഫലത്തിൽ കോഴികൾക്ക് ഇ - കോളി ബാക്ടീരിയ ആണെന്ന് കണ്ടെത്തിയെന്ന് മൃഗാശുപത്രിയിലെ ഡോക്ടർ. കെ.സി.പ്രസാദ് അറിയിച്ചു. തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന കോഴികൾക്ക് പുറമെ നാട്ടിലെ വളർത്ത് പക്ഷികളെയും ബാക്ടീരിയ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഫലം വന്ന ശേഷമാകും അടുത്ത ഘട്ടം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.