mullappally

തൃശൂർ: വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തകനോട് പൊട്ടിത്തെറിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ട്, ആർക്ക് വേണ്ടിയിട്ടാണ് നിങ്ങൾ വന്നിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകനോട് ചോദിച്ചു.വെൽഫയർ വിഷയം അടഞ്ഞ അദ്ധ്യായമാണ് എന്ന് താങ്കൾ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയിൽ ഒരു വ്യക്തതക്കുറവുണ്ടല്ലോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'പ്ലീസ് സ്റ്റോപ് ഇറ്റ്, നിങ്ങൾ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ട. ആർക്കു വേണ്ടിയാണ് നിങ്ങൾ വന്നിരിക്കുന്നത്. പ്ലീസ് ടെൽ മി, മാനേജ്‌മെന്റിന് വേണ്ടിയാണോ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്കു വേണ്ടിയാണോ? എന്നും മുല്ലപ്പള്ളി ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റു ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നിട്ടില്ല. എൻ.സി.പിയുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ യു.ഡി.എഫിന് വീഴ്ച പറ്റി. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുത്തും. അർഹതപ്പെട്ടവർക്ക് സീറ്റ് നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.