തൃപ്പൂണിത്തുറ: നിർമ്മാണം മുടങ്ങിയ ഫ്ലാറ്റുകൾ പലതും കൊതുകുകളുടെയും തെരുവ് നായ്ക്കളുടെയും ആവാസ കേന്ദ്രമാകുന്നതായി പരാതി.ഈ മേഖലയിൽ പലയിടത്തും കേസിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് പാതി വഴി പണി നിർത്തേണ്ടി വന്ന പത്തിൽപ്പരം കെട്ടിടങ്ങളുണ്ട്. അതിൽ കൂടുതലും ഫ്ലാറ്റുകളാണ്. വിവിധ മുറികൾക്കായി കോൺക്രീറ്റ് ചെയ്യാൻ നിർമിച്ച കുഴികളിൽ മഴ വെള്ളം കെട്ടി നിൽക്കുകയാണ്. ഒരു നിലയിൽ തന്നെ ഇത്തരം പത്തോളം കുഴികൾ ഉണ്ട്. ഇതിലാണ് കൊതുകുകൾ മുട്ടയിടുന്നത്. കൂടാതെ തെരുവ് നായ്ക്കൾ പെറ്റുപെരുകുന്നതും ഇവിടങ്ങൾ കേന്ദ്രമാക്കിയാണ്. ഇത്തരം ഫ്ലാറ്റുകളുടെ സമീപം താമസിക്കുന്നവരാണ് ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത്. ആരോട് പരാതി പറയണമെന്ന് അറിയാതെ കഷ്ടപ്പെടുകയാണിവർ.