s

നാഗർകോവിൽ: ദ്രാവിഡരുടെ വിളവെടുപ്പുത്സവമായ പൊങ്കലിന്റെ തിരക്കിൽ തമിഴ്നാട്ടിലെ ജനങ്ങൾ. തമിഴ്‌നാടിന്റെ ദേശീയ ഉത്സവമാണിത്. തമിഴ് മാസമായ മാർഗഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി അവസാനിക്കുന്നതാണ് ആഘോഷം. ഓരോ ദിവസവും വ്യത്യസ്‌ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ ഇന്നാണ്. ഇക്കുറി പൊങ്കൽ ആഘോഷിക്കാൻ തമിഴ്‌നാട് സർക്കാർ 2500 രൂപയും മുണ്ടും സാരിയും റേഷൻ കടകൾ വഴി നൽകിയിരുന്നു. പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം വേവിച്ച അരി എന്നാണ്. ആഘോഷങ്ങളുടെ ഭാഗമായി പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നാലു ദിവസത്തെ പൊങ്കൽ ആഘോഷം

ആദ്യം ബോഗി

ഒന്നാം ഓണം പോലെ ആദ്യ പൊങ്കലാണ് ബോഗി എന്ന് പറയുന്നത്. മാർഗഴി മാസത്തിലെ അവസാന ദിവസമാണ് ബോഗി ആഘോഷിക്കുന്നത്. വിളവെടുപ്പ് നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദി പറയുന്നതാണ് ഈ ദിവസം.

തൈപ്പൊങ്കൽ

പൊങ്കൽ ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് തൈപ്പൊങ്കൽ. വീടിന് മുന്നിൽ വർണക്കോലം ഇട്ടശേഷം അരിയും പാലും ഉപയോഗിച്ച് വീടിന് പുറത്ത് പൊങ്കലിട്ട ശേഷം സൂര്യദേവന് സമർപ്പിക്കും.

മാട്ടുപ്പൊങ്കൽ

മൂന്നാം ദിവസം കർഷകരാണ് മാട്ടുപ്പൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ്നാട്ടിലെ കുടുംബങ്ങൾ മാട്ടുപ്പൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്‌മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തും. കാലികളുടെ ദീർഘായുസിനും മികച്ച വിളവെടുപ്പിനും നല്ല കാലാവസ്ഥയ്ക്കുമായി മാട്ടുപ്പൊങ്കൽ ദിവസം പ്രാർത്ഥിക്കുന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നെന്നുമാണ് വിശ്വാസം.

കാണും പൊങ്കൽ

നാലാം ദിവസം ആഘോഷിക്കുന്ന പൊങ്കലാണ് കാണുംപൊങ്കൽ. ബന്ധുക്കളും സുഹൃത്തുകളും ഒത്തുകൂടുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ദിവസമാണിത്.

വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് വിലക്ക്

​കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആഘോഷങ്ങൾ വീട്ടിൽ തന്നെ നടത്തണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും 15 മുതൽ 17 വരെ വിലക്ക് ഏർപ്പെടുത്തിയെന്നും ജില്ലാ കളക്ടർ അരവിന്ദ് അറിയിച്ചു.