നെയ്യാറ്റിൻകര: പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നു കൂടിയതോടെ സംസ്കരിക്കാനായി തുടങ്ങിയ പദ്ധതി പാളി. തൊഴുക്കലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനായി നഗരസഭ സ്ഥലം കണ്ടെത്തിയ സ്ഥലം കാടും പടർപ്പും നിറഞ്ഞ് ഇപ്പോൾ അനാഥമായി കിടക്കുകയാണ്. ഒരേക്കറോളം വരുന്ന ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കാൻ നഗരസഭ മുതിർന്നത്. അവിടെ മേൽക്കൂര നിർമ്മിക്കാനായി ബീമുകൾ തയ്യാറാക്കുകയും താത്കാലിക ഷെഡ് ഉണ്ടാക്കുകയും ചെയ്തിരുന്നു. താത്കാലിക ഷെഡിനായി ഉണ്ടാക്കിയ കമ്പി വേലികൾ ഇപ്പോൾ തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു.
റോഡിൽ കിടക്കുന്ന പ്ലാസ്റ്രിക്കുകൾ കാൽനട വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മഴയത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ചവിട്ടി കാൽനടയാത്രക്കാർ നിലത്ത് വീണ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്ഷണ പാനീയങ്ങളും മദ്യവും നിറഞ്ഞ പ്ലാസ്റ്റിക്കുകൾ റോഡിൽ നിറയുന്നതിനാൽ പരിസര മലിനീകരണവും പതിവാണ്. ചിലയിടങ്ങളിൽ വ്യാപാരികളും പൊതുജനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാക്കിയിട്ടുണ്ട്. ഇത് രൂക്ഷമായ പാരിസ്ഥിതിക പ്രശ്നത്തിന് ഇടയാക്കുന്നുണ്ടെങ്കിലും അതിനെതിരെ നടപടിയെടുക്കാൻ നഗരസഭയോ ആരോഗ്യ വകുപ്പ് അധികൃതരോ തയ്യാറാകുന്നില്ല.