പാലോട്: ഗ്രാമീണ മേഖലകളിൽ കഞ്ചാവ്, വ്യാജ മദ്യവില്പന എന്നിവ വ്യാപകമായതിനെ തുടർന്ന് എക്സൈസ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നടന്ന റെയ്ഡിൽ നന്ദിയോട് പാലുവള്ളി ഏറെ പേരയം കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നിന്നും വിവിധ വലിപ്പത്തിലുള്ള 9 കഞ്ചാവ് ചെടികളും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കല്ലറക്ക് സമീപം പാട്ട എന്ന സ്ഥലത്തു നിന്നും വാഹന പരിശോധനയിൽ യമഹ ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ 125 ഗ്രാം കഞ്ചാവ് പിടികൂടി. ചില്ലറ വില്പനക്കായി കടത്തികൊണ്ട് വന്ന പാട്ടറ ഈച്ചൂട്ടികോണം സുജയ് എന്നയാളെ പിടികൂടി റിമാന്റ് ചെയ്തു. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ കഞ്ചാവ്, വ്യാജമദ്യം, പുകയില ഉല്പന്നങ്ങൾ തുടങ്ങിയ നിരോധിത ലഹരി വസ്തുക്കളുടെ വില്പന വർദ്ധിച്ചു വരുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരങ്ങളെ തുടർന്നാണ് ഈ മേഖലകളിൽ പരിശോധന കർശനമാക്കിയത്.
നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സാജു, ഇൻസ്പെക്ടർ ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, ഗോപകുമാർ, മഹേഷ്, ബൈജു, ഷജീർ, സജികുമാർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.
പൊതു ജനങ്ങൾക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ 9400069405 എന്ന മൊബൈൽ നമ്പറിൽ അറിയിക്കാവുന്നതാണെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.