jail

കഴിഞ്ഞ ദിവസമാണ് തുർക്കിയിൽ ടെലിവിഷൻ മതപ്രഭാഷകൻ അദ്നാൻ ഒക്തറിന് 1,075 വർഷത്തെ കഠിന തടവിന് കോടതി വിധിച്ചത്. ക്രിമിനൽ സംഘത്തെ നയിക്കുക, രാഷ്ട്രീയ, സൈനിക ചാരവൃത്തിയിൽ ഏർപ്പെടുക, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, മാനഭംഗം, ബ്ലാക്ക് മെയിൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഒക്തറിന് ഇത്രയും വർഷം തടവ് ലഭിച്ചത്. മരിച്ചാലും അവശേഷിക്കുന്നത്ര ദൈർഘ്യമേറിയ ശിക്ഷാ കാലാവധി ലഭിച്ചവർ ലോകത്ത് നിരവധി പേരാണ്.

 യു.എസ്

1995ൽ ഒക്‌ലഹോമ നഗരത്തിൽ 19 കുട്ടികൾ ഉൾപ്പെടെ 168 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ ആസൂത്രകൻ മുൻ സൈനിക ഉദ്യോഗസ്ഥനായ തിമോത്തി മക്‌വെയ്‌‌യെ സഹായിച്ചതിന് ടെറി നിക്കോൾസ് എന്നയാൾക്ക് ലഭിച്ചത് 161 ജീവപര്യന്തങ്ങളാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ജീവപര്യന്തങ്ങൾ ലഭിക്കുന്നത് ഇയാൾക്കാണ്.

ഒപ്പം പരോളില്ലാതെ 9,300 വർഷങ്ങൾ തടവും ഇയാൾക്ക് വിധിച്ചിട്ടുണ്ട്. അതേ സമയം, തിമോത്തി മക്‌വെയ്‌‌യെ 33-ാം വയസിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു.

ജീവപര്യന്തം അല്ലാത്ത ഏറ്റവും ഉയർന്ന ശിക്ഷാ ദൈർഘ്യമുള്ള തടവ് ലഭിച്ച അമേരിക്കകാരൻ ചാൾസ് സ്കോട്ട് റോബിൻസൺ എന്നയാളാണ്. 1994ൽ 3 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് റോബിൻസണിന് ലഭിച്ചത് 30,000 വർഷം തടവാണ്.

 തായ്‌ലൻഡ്

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ജീവപര്യന്തമല്ലാത്ത ശിക്ഷ എന്ന ഗിന്നസ് റെക്കോർഡ് തായ്‌ലൻഡിൽ നിന്നാണ്. തായ് പിരമിഡ് സ്കീം തട്ടിപ്പിലെ പ്രതി ചമോയ് തിപ്യാസോയ്ക്ക് 1989ൽ വിധിച്ച ശിക്ഷ എത്ര വർഷമാണെന്ന് കേട്ടാൽ ഞെട്ടും. 141,078 വർഷം ! എന്നാൽ 8 വർഷത്തെ തടവിന് ശേഷം ഈ സ്ത്രീ ജയിൽ മോചിതയായി.ലോകത്ത് നിലവിൽ ഏറ്റവും ദൈർഘ്യമേറിയ ജയിൽ ശിക്ഷ ലഭിച്ച റെക്കോർഡും ചമോയ്‌യുടെ പേരിലാണ്. 16,000ത്തിലേറെ പേരെ തട്ടിപ്പിനിരയാക്കി 300 മില്യൺ ഡോളർ തട്ടിയെന്നായിരുന്നു ഇവർക്കുമേലുണ്ടായിരുന്ന കുറ്റം. അതേ സമയം, തായ്‌ലൻഡിലെ നിയമ പ്രകാരം സാമ്പത്തിക തട്ടിപ്പിനുള്ള പരമാവധി ശിക്ഷാ കാലയളവ് 20 വർഷമായതിനാലാണ് ചമോയ് തലയൂരിയത്.

 സ്പെയിൻ

യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ ജയിൽ ശിക്ഷ സ്പെയിനിലെ മാഡ്രിഡിലാണ് വിധിക്കപ്പെട്ടത്. 2004ൽ മാഡ്രിഡിൽ അൽ ക്വ ഇദ നടത്തിയ ട്രെയിൻ ബോംബ് സ്ഫോടനത്തിൽ 193 പേർ കൊല്ലപ്പെട്ട കേസിൽ 3 പ്രതികൾക്ക് ലഭിച്ച ആകെ ശിക്ഷ 120,561 വർഷങ്ങൾ ( 42,924 വർഷം, 42,922 വർഷം, 34,715 വർഷം വീതം ) ആയിരുന്നു.

24 കൊലപാതകം ഉൾപ്പെടെ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സ്പാനിഷ് സർക്കാർ ഐനിസ് ഡെൽ റിയോ പ്രാദാ എന്ന സ്ത്രീയ്ക്ക് 3,828 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, 2013ൽ 26 വർഷങ്ങൾക്ക് ശേഷം ഇവരെ ജയിൽ മോചിതയാക്കി. മറ്റു ചിലർക്കും സമാന രീതിയിൽ ആയിരത്തിലേറെ വർഷങ്ങൾ തടവ് ശിക്ഷയായി സ്പെയിനിൽ വിധിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് കുറ്റവാളികളെ പരമാവധി 30 മുതൽ 40 വർഷം വരെ തടവിന് വിധിക്കുന്നതിലേക്ക് സ്പെയിനിന് യൂറോപ്യൻ യൂണിയൻ നിയമങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 തുർക്കി

അഡ്നൻ ഒക്തറിന് വിധിച്ച ശിക്ഷ തുർക്കിയിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തേതാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇതിൽ ഒന്നാം സ്ഥാനത്തുള്ള ശിക്ഷ വിധിക്കുന്നത്. 2017ൽ ഇസ്താംബുളിലെ നൈറ്റ് ക്ലബിൽ പുതുവത്സര ദിനത്തിൽ നടത്തിയ ഭീകരാക്രമണത്തിലെ പ്രതിയായ ഉസ്ബെക്കിസ്ഥാൻ പൗരനായ അബ്ദുൾക്കദിർ മാഷറിപോവിന് 40 ജീവപര്യന്തങ്ങൾക്കൊപ്പം 1,368 വർഷം അധികം തടവ് ശിക്ഷ വിധിച്ചത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു.

 ബ്രിട്ടൺ

ഐറിഷ് റിപ്പബ്ലിക്കൻ ആർമി ഉദ്യോഗസ്ഥനായിരുന്ന ബെർനാർഡ് മക്ഗിന്നിനാണ് ബ്രിട്ടനിലെ ഏറ്റവും ദൈർഘ്യമേറിയ ജയിൽ ശിക്ഷ വിധിക്കപ്പെട്ടത്. വിവിധ ബോംബാക്രമണ, വെടിവയ്പ് കേസുകളിൽ പ്രതിയാണിയാൾ. 1999ൽ ശിക്ഷിക്കപ്പെട്ട ബെർനാർഡിനെ 2000ത്തിൽ ജയിൽ മോചിതനാക്കിയിരുന്നു.