ccc

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച് ആരാധകർ. നഗരത്തിലെ പ്രമുഖ തിയേറ്ററുകളെല്ലാം ആദ്യ ദിനത്തെ പ്രദർശനത്തിന് പ്രേക്ഷകർ ഒഴുകിയെത്തി. കൊവിഡിന്റെ ആലസ്യം തെല്ലും ബാധിക്കാതെ ആരാധകരെത്തിയതോടെ സിനിമാവ്യവസായത്തിന് വീണ്ടും ജീവൻവച്ചെന്ന് തിയേറ്റർ ജീവനക്കാരും പറഞ്ഞു. നീണ്ട ഇടവേളയ്ക്കുശേഷമുള്ള കേരളത്തിലെ ആദ്യ ബിഗ് റിലീസായിരുന്നു വിജയ്-ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ. കൊവിഡ് മൂലം സാധാരണ വിജയ് ചിത്രങ്ങൾക്ക് കിട്ടാറുള്ള വരവേൽപ്പുണ്ടായില്ലെങ്കിലും ആരാധകർ പരിമിതമായി ആഘോഷപരിപാടികൾ സജ്ജമാക്കിയിരുന്നു.

സാമൂഹിക അകലം പാലിക്കാനായി ഒന്നിടവിട്ട സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. ഉള്ള ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീർന്നിരുന്നു. ആരാധകസംഘങ്ങൾ വഴി ആദ്യ ദിവസത്തെ ടിക്കറ്റ് വിതരണം ചെയ്തതിനാൽ പല സെന്ററുകളിലെയും പ്രദർശനങ്ങളുടെ ടിക്കറ്റുകളും ഓൺലൈൻ സൈറ്റുകളിലേക്ക് എത്തിയിരുന്നുമില്ല. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ രസംകൊല്ലിയായി മഴയെത്തിയിട്ടും തിയേറ്ററിന് മുന്നിലെ ആൾക്കൂട്ടത്തിന് ഒരു കുറവുമുണ്ടായില്ല. രാവിലെ 9നുള്ള ആദ്യ ഷോയ്‌ക്ക് പുലർച്ചെ മുതൽ ആരാധകർ തിയേറ്ററുകൾക്ക് മുന്നിലെത്തിയിരുന്നു. തിയേറ്റുകളുടെ സിറ്റിംഗ് ക്രമീകരണങ്ങൾ പൂ‌ർത്തിയാക്കി 9.20ഓടെ പ്രദർശനം ആരംഭിച്ചു.ആദ്യ ദിനം വിജയ് ഫാൻസുകാരായിരുന്നു തിയേറ്റുകളിലേക്ക് ഇരച്ചെത്തിയത്. ടിക്കറ്റ് ഉള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിട്ടുള്ളൂ. സ്ത്രീ ആരാധകർക്കായി പ്രത്യേക ഷോയും സംഘടിപ്പിച്ചിരുന്നു. സീറ്റുകൾ നേർപകുതിയാക്കി കുറച്ചതോടെ നഗരത്തിലെ ഓരോ തിയേറ്ററിലും ശരാശരി 300പേർക്ക് മാത്രമേ ഒരു സമയം പ്രവേശനമുണ്ടായിരുന്നുള്ളൂ. കുട്ടികൾക്കും പ്രായമായവർക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

കേക്ക് മുറിച്ച് ആഘോഷം

തിരുവനന്തപുരം ന്യൂ തിയേറ്ററിൽ ആരാധകർ കേക്ക് മുറിച്ച് ആഘോഷിച്ചു.പ്രീബുക്കിംഗിൽ മിക്കവാറും പ്രദർശനങ്ങൾ എല്ലാം തന്നെ 'ഹൗസ്‌‌ ഫുൾ' ആയിരുന്നു. മാസ്റ്റർ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിച്ചാൽ വരാനിരിക്കുന്ന മലയാള സിനിമകൾക്കും അത് ഗുണം ചെയ്യുമെന്നാണ് മലയാളസിനിമാ വ്യവസായത്തിന്റെ കണക്കുകൂട്ടൽ.

നിയന്ത്രണം കർശനം

കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരുന്നു ആളുകളെ പ്രവേശിപ്പിച്ചത്. ഇടവിട്ട സീറ്റുകളിൽ റിബൺ കെട്ടി നിയന്ത്രണം ഉറപ്പുവരുത്തിയിരുന്നു. എന്നാൽ കുടുംബവുമായെത്തിയവർ ചിലയിടങ്ങളിൽ ഒരുമിച്ചിരുന്നു. ഓരോ പ്രദർശനത്തിന്റെ ഇടവേളകളിലും സീറ്റുകളും തിയേറ്റർ പരിസരവും അണുവിമുക്തമാക്കി.9.00,2.00,5.30 എന്നിങ്ങനെ മൂന്ന് പ്രദർശന സമയങ്ങളാണ് ആദ്യ ദിനം ക്രമീകരിച്ചിരുന്നത്.

പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള സഹകരണമുണ്ടായിരുന്നു. വലിയ ബഹളങ്ങളൊന്നുമില്ലാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞു. ബുക്കിംഗ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. അണുനശീകരണമടക്കമുള്ള കാര്യങ്ങൾ ഇടവേളകളിൽ കൃത്യമായി ചെയ്യുന്നുണ്ട്. സിനിമാമേഖലയ്‌ക്ക് പുത്തൻ ഉണർവാണ് കൈവന്നത്.-ഗിരീഷ്

തിരുവനന്തപുരം പത്മനാഭ-ദേവിപ്രിയ തിയേറ്റർ എം.ഡി

പ്രദർശനങ്ങളെല്ലാം നല്ല രീതിയിൽ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സിനിമ മേഖലയുടെ പുതുജന്മമാണിത്. സർക്കാർ തിയേറ്ററുടമകളുടെ ആവശ്യം പരിഗണിച്ചത് വലിയൊരു കാര്യമാണ്. ആ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ.

-കാർത്തികേയൻ, സിറ്റി തിയേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ