anappade-

മലയിൻകീഴ്: കാൽനട യാത്ര പോലും സാദ്ധ്യമാകാതെ തകർന്നടിഞ്ഞ് കുണ്ടുംകുഴിയുമായി തീർന്ന അണപ്പാട് - ഭജനമഠം റോഡിപ്പോൾ ചെളിക്കുഴിയുമായി തീർന്നു. പ്രദേശവാസികൾ യാത്രാ ക്ലേശം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട അണപ്പാട് - ഭജനമഠം റോഡ് അണപ്പാട് - പോങ്ങുംമൂട് പ്രധാന റോഡിൽ അണപ്പാട് പാലത്തിന് സമീപത്ത് നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്.

നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നിടത്തെ ഏക ആശ്രയമാണീ റോഡ്. ഇതുവഴി നേരത്തെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ടായിരുന്നു. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായിട്ടായിരുന്നു ബസ് സർവീസ് ആരംഭിച്ചത്. എന്നാൽ റോഡിന്റെ ശോചനീയവസ്ഥ കാരണം ബസ് സർവീസ് നിറുത്തലാക്കിയിരുന്നു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ. ഭാസുരാംഗന്റെ ശ്രമഫലമായി ബസ് സർവീസ് പുനരാരംഭിച്ചെങ്കിലും മാസങ്ങൾക്കൊടുവിൽ വീണ്ടും സർവീസ് അധികൃതർ നിറുത്തലാക്കി.

മഴ പെയ്താലുടൻ ഈ റോഡിനിരുവശത്തും വെള്ളം ഒഴുകിയെത്തി റോഡ് തോടായി മാറും. വിവിധ
ആവശ്യങ്ങൾക്ക് പ്രദേശവാസികൾ നഗരത്തിലെത്തുന്നത് ഏറെ ദുരിതം പേറിയാണ്.
എം.എൽ.എ, ജില്ലാ പഞ്ചായത്ത്, പഞ്ചായത്തിന്റെ തനത് ഫണ്ടുകൾ വിനിയോഗിച്ച് ഈ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പൊതു പ്രവർത്തകരും ജനപ്രതിനിധികൾക്ക് നിവേദനങ്ങൾ പലവട്ടം നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.