നിയമസഭ സമ്മേളിക്കുമ്പോഴെല്ലാം സർക്കാർ സർവീസിലെ പിൻവാതിൽ നിയമനങ്ങൾ ചർച്ചയാകാറുണ്ട്. പി.എസ്.സിയുടെ റാങ്ക് പട്ടിക നിലവിലിരിക്കെ തന്നെ അവ മറികടന്ന് അനവധി പേർ ഓരോ സർക്കാരിന്റെ കാലത്തും സർവീസിൽ കടന്നുകൂടാറുണ്ടെന്നത് വസ്തുതയാണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. തൊഴിലിനായി വർഷങ്ങളായി കാത്തിരിക്കുന്ന, ബിരുദ - ബിരുദാനന്തര യോഗ്യതയുള്ള ലക്ഷക്കണക്കിനു യുവതീയുവാക്കൾ ഇവിടെയുണ്ട്. സാങ്കേതിക യോഗ്യതയുള്ള തൊഴിൽരഹിതരും ഒട്ടും കുറവല്ല. പി.എസ്.സിയെ നോക്കുകുത്തിയാക്കി എവിടെയെങ്കിലും പിൻവാതിൽ നിയമനം നടന്നാൽ നിയമസഭയിലും പുറത്തും അത് വലിയ വിവാദമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
ചൊവ്വാഴ്ച നിയമസഭയിൽ പിൻവാതിൽ നിയമനപ്രശ്നം പ്രതിപക്ഷത്തുനിന്ന് പരാതി രൂപേണ ഉന്നയിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മാനുഷിക പരിഗണനയുടെ പേരിൽ ഇത്തരം നിയമനങ്ങൾ ചിലപ്പോൾ വേണ്ടിവരുമെന്ന് പറഞ്ഞ് പ്രശ്നം ലഘൂകരിക്കാനാണ് ശ്രമിച്ചത്. പത്തുവർഷം താത്‌കാലികമായി ജോലിയെടുത്ത് വരുന്നവരിൽ ചിലരെ മാനുഷിക പരിഗണനയുടെ പേരിൽ സർവീസിൽ സ്ഥിരപ്പെടുത്തേണ്ടിവരുമെന്നും എല്ലാ സർക്കാരിന്റെയും കാലത്ത് ഇത് നടക്കാറുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണിതെന്നു സമ്മതിച്ചാൽത്തന്നെയും അതിനുമുണ്ട് ഒരു മറുവശം എന്നതു മറന്നുകൂടാത്തതാണ്. അത്യദ്ധ്വാനം ചെയ്ത് പി.എസ്.സിയുടെ റാങ്ക് പട്ടികയിൽ കടന്നുകൂടി നിയമനത്തിനായി അക്ഷമയോടെ കാത്തിരിക്കുന്ന യുവതീയുവാക്കളും മാനുഷിക പരിഗണന അർഹിക്കുന്നവർ തന്നെയാണല്ലോ. ഒഴിവുകൾ ഇല്ലാത്തതുകൊണ്ടല്ല, അവ യഥാകാലം റിപ്പോർട്ട് ചെയ്യപ്പെടാത്തതു കൊണ്ടാവും പലപ്പോഴും പി.എസ്.സിയുടെ റാങ്ക് പട്ടിക നിന്ന നില്‌പിൽ നിൽക്കേണ്ടിവരുന്നത്. പിൻവാതിൽ നിയമനങ്ങൾ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പതിവ് ഏർപ്പാടായതിനാൽ പി.എസ്.സി ലിസ്റ്റിലുള്ളവരുടെ വഴിയാണ് അടയ്ക്കുന്നത്. ഇപ്പോഴത്തെ സർക്കാർ കാലാവധി പൂർത്തിയാക്കാൻ ഇനി മൂന്നാലു മാസങ്ങളേയുള്ളൂ. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നതിനു പിന്നിലും ദൃശ്യമാകുന്നത് ഈ സാഹചര്യമാണ്. സർക്കാർ വകുപ്പുകൾക്കു പുറമെ കില, കെൽട്രോൺ, സിവിൽ സപ്ളൈസ്, കെ.ടി.ഡി.സി പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലൊക്കെ പിൻവാതിലിലൂടെ കയറിപ്പറ്റിയവരെ സ്ഥിരപ്പെടുത്താൻ നടപടിയായത് ഇതിനകം വിവാദമായിട്ടുണ്ട്. മത്സരപരീക്ഷ ജയിച്ച് പി.എസ്.സി റാങ്ക് പട്ടികയിൽ ഇടം ലഭിച്ചവരെ സംബന്ധിച്ചിടത്തോളം ക്രമവിരുദ്ധമായ പിൻവാതിൽ നിയമനങ്ങൾ എത്രത്തോളം ദ്രോഹകരവും നീതിരഹിതവുമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പത്തുവർഷത്തിലേറെ താത്‌കാലികക്കാരായി തുടരുന്നവരെ മാത്രമാണ് സ്ഥിരപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴും എങ്ങനെ ഇവർ ഇത്രകാലം അവിടങ്ങളിൽ തുടരാനിടയായി എന്നതും അന്വേഷിക്കേണ്ടതാണ്. സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനവുമായി ബന്ധപ്പെട്ട് സുവ്യക്തമായ നിയമങ്ങളും മാനദണ്ഡങ്ങളുമുണ്ട്. നിയമനങ്ങൾ നടത്താൻ വേണ്ടി സ്ഥാപിതമായിട്ടുള്ള പബ്ളിക് സർവീസ് കമ്മിഷൻ ഉള്ളപ്പോൾ അത്യപൂർവം സന്ദർഭങ്ങളിലല്ലാതെ താത്‌കാലിക നിയമനം വേണ്ടിവരില്ല. എന്നാൽ രാഷ്ട്രീയ താത്‌പര്യങ്ങളും മറ്റു പരിഗണനകളും പരിഗണിച്ച് പിൻവാതിൽ നിയമനങ്ങൾ ഇവിടെ കാലാകാലങ്ങളായി നടന്നുവരാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും ഒന്നൊന്നായി പി.എസ്.സിക്കു വിടുകയുണ്ടായി. എന്നാൽ നിയമനത്തിനാവശ്യമായ സ്പെഷ്യൽ റൂൾ നിർമ്മിക്കാൻ പലപ്പോഴും ഉപേക്ഷ കാണിക്കും. ഫലമോ? തുടർന്നും പിൻവാതിൽ നിയമനങ്ങൾ നടന്നുകൊണ്ടേയിരിക്കും. വർഷങ്ങൾ കഴിയുന്നതോടെ മാനുഷികവും രാഷ്ട്രീയവുമായ പരിഗണനകൾ കണക്കിലെടുത്ത് താത്കാലികക്കാർ സ്ഥിരമാകും. ഇതിനൊക്കെ പിന്നിൽ നടക്കാറുള്ള ചരടുവലികളും കോഴയുമൊക്കെ അത്ര രഹസ്യമൊന്നുമല്ല. ഏതെങ്കിലും ഒരു സ്ഥാപനത്തിലെ നിയമനം പി.എസ്.സിക്കു വിടുമ്പോൾത്തന്നെ കൂട്ടത്തിൽ സ്പെഷ്യൽ റൂൾസ് തയ്യാറാക്കാനും നടപടി എടുത്താൽ നിയമനം വേഗത്തിലാക്കാനും സാധിക്കും. സ്പെഷ്യൽ റൂൾസ് ഇല്ലാത്തതുകൊണ്ടാണ് പി.എസ്.സി നിയമനം നീട്ടിക്കൊണ്ടുപോകുന്നതെന്ന ആക്ഷേപം ഒഴിവാക്കാനുമാകും. ഇതൊന്നും പക്ഷേ സമയബന്ധിതമായി നടക്കാതിരിക്കുന്നതിനു പിന്നിലും ചില കുരുട്ടുബുദ്ധിയുണ്ട്. അനധികൃത നിയമനങ്ങൾക്കുള്ള പഴുത് അതോടെ അടയുമെന്നത് പലർക്കും ബുദ്ധിമുട്ടാകും. അതിവിപുലമായ സംവിധാനങ്ങളോടെ പി.എസ്.സി നിലവിലുള്ളപ്പോൾ ഏത് ഒഴിവുകളിലേക്കും നിയമനം നടത്താൻ ഒരു പ്രയാസവുമില്ല. ആവശ്യം യഥാസമയം അവരെ അറിയിക്കണമെന്നു മാത്രം.
ഈ സർക്കാർ ഇതുവരെ ഒന്നര ലക്ഷത്തിലേറെപ്പേർക്ക് പി.എസ്.സി വഴി നിയമനം നൽകിയതായി മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. അഭിനന്ദിക്കപ്പെടേണ്ട കാര്യം തന്നെ. എന്നാൽ ഇതിനൊപ്പം പിൻവാതിൽ നിയമനങ്ങളുടെ പേരിൽ ധാരാളം ആക്ഷേപങ്ങളും കേൾക്കേണ്ടിവന്നു എന്നതു വിസ്മരിക്കാൻ പാടില്ല. തൊഴിലിനായി നേർമാർഗത്തിൽ കാത്തിരിക്കുന്ന ലക്ഷോപലക്ഷം യുവതീയുവാക്കളെ വഞ്ചിക്കുന്ന ഏർപ്പാടാണ് ഏതു രീതിയിലുള്ള പിൻവാതിൽ നിയമനങ്ങളും. അതിന് അറുതിവരുത്തുക തന്നെ വേണം. ചലച്ചിത്ര അക്കാഡമിയിലെ നാല് താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ അക്കാഡമി ചെയർമാൻ സാംസ്കാരിക മന്ത്രിക്കെഴുതിയ കത്ത് പ്രതിപക്ഷം നിയമസഭയിൽ വായിച്ചിരുന്നു. ഇടതുപക്ഷ - പുരോഗമന ചിന്താഗതി പുലർത്തുന്ന ഈ താത്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടത് ചലച്ചിത്ര അക്കാഡമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിറുത്താൻ അനുപേക്ഷണീയമാണെന്നത്രെ ചെയർമാന്റെ കണ്ടെത്തൽ. രാഷ്ട്രീയ നിറം നോക്കി നിയമനം നടത്തേണ്ട സ്ഥാപനമല്ല ചലച്ചിത്ര അക്കാഡമിയെന്ന യാഥാർത്ഥ്യം വിസ്മരിച്ചുപോയ ഇതുപോലുള്ള സാരഥികൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ വേറെയുമുണ്ടാകും എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കൂട്ട സ്ഥിരപ്പെടുത്തൽ നീക്കങ്ങൾ.