നെയ്യാറ്റിൻകര: ചെങ്കൽ തിരുപുറം റോഡ് വീതി കൂട്ടാനുള്ള നടപടികളില്ല. ജനം നൽകിയ സമ്മത പത്രം സർക്കാർ തിരിച്ചു നൽകി. പ്രതിഷേധവുമായി പൊതുജനങ്ങൾ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ചെങ്കൽ - തിരുപുറം നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പാഞ്ചിക്കാട്ട് കടവ് പാലം നിർമ്മാണം നടത്തിയത്.
13 കോടി രൂപയാണ് ഇതിലേക്ക് വേണ്ടി ചെലവാക്കിയത്. എന്നാൽ പാലം പണി പൂർത്തിയാകുന്ന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഉദ്ഘാടനം ചെയ്തിരുന്നില്ല. പുതിയ സർക്കാർ വന്നശേഷം പാലത്തിന് പെയിന്റടിച്ച് ഉദ്ഘാടനം നടത്തി. പാഞ്ചിക്കാട്ട് കടവിനെ ബന്ധിക്കുന്ന ചെങ്കൽ തിരുപുറം റോഡിന് കഷ്ടിച്ച് മൂന്ന് മീറ്റർ മാത്രമേ വീതിയുള്ളു.
ഒരു ബൈക്കും കാറും ഒരുമിച്ച് വന്നാൽ തട്ടുന്ന അവസ്ഥയാണ് റോഡിനുള്ളത്. റോഡുകൾ വീതി കൂട്ടികഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സർവീസുകൾ നടത്താൻ സാധിക്കും.
പാറശാലയിൽ നിന്നും നെയ്യാറ്റിൻകരയിൽ എത്താതെ തന്നെ വിഴിഞ്ഞം ഭാഗത്തേക്ക് എത്തിചേരാൻ കഴിയുമെന്നതാണ് റോഡ് വീതി കൂട്ടിയാലുള്ള പ്രത്യേകത. ഈ സാഹചര്യം നിലനിൽക്കെയാണ് സ്ഥലം വിട്ടു നൽകിക്കൊണ്ടുള്ള ജനങ്ങളുടെ സമ്മത പത്രം സർക്കാർ തിരിച്ചുനൽകിയത്.
വർഷം അഞ്ച് കഴിഞ്ഞിട്ടും അപ്രോച്ച് റോഡുകൾ നിർമ്മിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. പാലം വന്നിറങ്ങുന്ന, പഴയകടയ്ക്ക് പോകുന്ന റോഡ് വീതികൂട്ടുന്നതിനായി കഴിഞ്ഞ സർക്കാർ സ്ഥലം ഏറ്റെടുത്തു കല്ലിടുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം അതിന്റെ തുടർനടപടികൾ സ്വീകരിക്കാതെ, പദ്ധതി പൂർണമായും റദ്ദാക്കുകയാണ് ഉണ്ടായത്. അപ്രോച്ച് റോഡ് നിർമ്മിക്കാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. ചുരുക്കത്തിൽ പാലം വന്നിട്ടും ജനങ്ങളുടെ യാത്രാക്ലേശത്തിന് കുറവില്ലാത്ത അവസ്ഥയാണ്. ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് നേരെ സ്ഥലം എം.എൽ.എ കണ്ണടക്കുന്നത് പ്രതിഷേധാർഹമാണ്.