വെഞ്ഞാറമൂട്:പത്തു മാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷം സിനിമാ തിയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ ആഘോഷമാക്കി സിനിമാ പ്രേമികൾ.കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ താഴു വീണതായിരുന്നു സിനിമാശാലകൾക്ക്. കഴിഞ്ഞ ദിവസം തുറന്ന തിയേറ്ററുകൾക്ക് മുൻപിൽ രാവിലെ തന്നെ സിനിമാ പ്രേമികൾ ബാന്റു മേളവും,നൃത്തച്ചുവടുകളുമായി എത്തിയിരുന്നു.ടിക്കറ്റ് വില്പന ഓൺലൈനിൽ ആയതിനാൽ ടിക്കറ്റിനായുള്ള തള്ളിക്കയറ്റമുണ്ടായില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നുസിനിമാ പ്രദർശനം. മൂന്നു പ്രദർശനങ്ങളാണുണ്ടായിരുന്നത്. ആദ്യപ്രദർശനം രാവിലെ പത്തിനും ഉച്ചയ്ക്ക് രണ്ടുമണിക്കും വൈകിട്ട് 5:45നുമായിരുന്നു പ്രദർശനങ്ങൾ. ഓൺലൈൻ മുഖേനയുള്ള ടിക്കറ്റ് വിൽപ്പന കഴിഞ്ഞ് കൗണ്ടർ തുറക്കേണ്ടിവരികയാണെങ്കിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.തിയേറ്റർ ഗേറ്റിൽ വച്ചുതന്നെ താപനില പരിശോധിച്ചശേഷം മാത്രമേ ആളുകളെ അകത്തേക്ക് കയറ്റി വിട്ടിരുന്നുള്ളൂ. തുടർന്ന് ഓട്ടോമാറ്റിക് സാനിറ്റേഷൻ സംവിധാനത്തിലൂടെ കൈ അണുവിമുക്തമാക്കിയ ശേഷമായിരുന്നു കൗണ്ടറുകൾക്ക് മുന്നിലേക്കു കടത്തിവിട്ടത്. തിയേറ്ററിനകത്തും കർശനമായ നിയന്ത്രണം ഉണ്ടായിരുന്നു. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ ഇരിക്കാൻ അനുവദിച്ചിരുന്നുള്ളൂ.പരമാവധി ഓൺലൈൻ ടിക്കറ്റ് രീതിയാണ് പ്രോത്സാഹിപ്പിക്കുന്നത്.