legislative-assembly

ശരിക്കും പറഞ്ഞാൽ അനിൽ അക്കരെ തെറ്റിദ്ധരിക്കപ്പെട്ട യുവാവാണ്. പാവപ്പെട്ടവർക്കാകെ ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകി മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള സ്വരാജ് ട്രോഫി, മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങിയ വിനീതനായ മുൻ പഞ്ചായത്ത് പ്രസിഡന്റ്. ആ ട്രോഫി പോലും അടാട്ട് പഞ്ചായത്തിന്റേതായിട്ടേ അനിൽ അക്കരെ അന്നും ഇന്നും കാണുന്നുള്ളൂ. അങ്ങനെയുള്ള അനിൽ അക്കരെയെ ലൈഫ് പദ്ധതിയെ എതിർക്കുന്നയാളെന്നൊക്കെ പറയുന്നത് ക്രൂരമാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനപദ്ധതിയിലാകെ അഴിമതിയാണെന്ന് ഉറച്ച് വിശ്വസിക്കുന്ന അനിൽ അക്കരെ, കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയുടെ വെളിച്ചത്തിലാണ് ഇന്നലെ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. അക്കരെ സ്വന്തം നിർമ്മലഹൃദയം തുറന്ന് കാണിച്ചിട്ടും മന്ത്രി എ.സി. മൊയ്തീന് ആ ഹൃദയധമനികളിലോടുന്ന രക്തത്തിൽ സംശയമാണ് തോന്നിയത്. ഭവനപദ്ധതിക്കായി നിലകൊണ്ട എം.എൽ.എ പിന്നെന്തിനാണ് പാവപ്പെട്ടവർക്കായുള്ള ലൈഫ് പദ്ധതി മുടക്കാൻ ആദ്യാവസാനം നിലകൊള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു. വടക്കാഞ്ചേരി പദ്ധതിക്കരാറിനെതിരായ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത എം.എൽ.എ പൊടുന്നനവേ സി.ബി.ഐ അന്വേഷണത്തിന് പരാതിയയച്ചതും, കിട്ടിയ മാത്രയിൽ സി.ബി.ഐ കേസേറ്റെടുത്തതുമൊന്നും അത്ര നിഷ്കളങ്കമാണെന്ന് മൊയ്തീൻമന്ത്രിക്ക് തോന്നുന്നില്ല. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയും അടാട്ട് പഞ്ചായത്തുമൊന്നും ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പ് തീർന്നപ്പോൾ നിങ്ങൾക്കൊപ്പമില്ലെന്നോർക്കാൻ അദ്ദേഹം ഉപദേശിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള മുന്നറിയിപ്പായി വ്യാഖ്യാനിക്കാം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേരിയ വിജയമുണ്ടായതോടെ കാട്ടിക്കൂട്ടിയ അഴിമതികളെല്ലാം ഒഴുകിപ്പോയിയെന്ന തെറ്റിദ്ധാരണ വേണ്ട, മിസ്റ്റർ മൊയ്തീൻ എന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തിരിച്ചുള്ള മുന്നറിയിപ്പ്.

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ, തട്ടിപ്പ് ജന്മാവകാശമാണെന്ന് ലീഗ് കരുതരുതെന്ന് അഭ്യർത്ഥിച്ച ടി.വി. രാജേഷ് കോൺഗ്രസിലെ വി.ഡി. സതീശനിലേക്ക് ആക്രമണമുന തിരിച്ചുവച്ചതോടെ ബഹളമയമായി. വിദേശനാണ്യ വിനിമയചട്ടം ലംഘിച്ച് ബർമിംഗ്ഹാമിൽ പോയി എം.എൽ.എ പറവൂർ മണ്ഡലത്തിലെ പ്രളയദുരിതാശ്വാസത്തിന് പണം പിരിച്ചെന്നാണാക്ഷേപം. ആരോപണം തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയാമെന്ന സതീശന്റെ വെല്ലുവിളി സ്വീകരിക്കാൻ രാജേഷ് ഒരുക്കമല്ല. 'ആണാണെങ്കിൽ തെളിയിക്കൂ', 'വെടിയേറ്റ പന്നിയെ പോലെ ചാടുന്നതെന്തിന്' തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ രാജേഷ് ശൗര്യം പ്രകടമാക്കിക്കൊണ്ടിരുന്നു. ' സ്ത്രീപുരുഷ സമത്വം മുദ്രാവാക്യമാക്കി നടക്കുന്നവർ നടത്തിയ 'ആൺ' പ്രയോഗത്തിലെ സ്ത്രീവിരുദ്ധത' പ്രതിപക്ഷത്തെ ഒരേയൊരു വനിതയായ ഷാനിമോൾ ഉസ്മാൻ ഏറ്റുപിടിക്കാതിരുന്നില്ല. പന്നിപ്രയോഗം അൺപാർലമെന്ററിയായതിനാൽ നീക്കണമെന്നത് എം. ഉമ്മറിന്റെ മിനിമം ആവശ്യമായിരുന്നു.

മുഖ്യമന്ത്രിയുടെ സുന്ദരിയും സുമുഖിയുമായ വാടക ഹെലികോപ്റ്ററിന് ഒരു വയസായതിനാൽ മുഖ്യമന്ത്രിയിൽ നിന്ന് മധുരം പ്രതീക്ഷിച്ചെന്ന് എൽദോസ് പി.കുന്നപ്പിള്ളി.

ഏറ്റവും വേദനിക്കുന്ന മനുഷ്യന് നാലേമുക്കാൽവർഷം കാവലാളായി നിന്ന കേരളത്തിലെ ഇടതുസർക്കാർ, ന്യായമല്ലാത്തത് ജനങ്ങളോട് ചെയ്യാത്ത ഇന്ത്യയിലെ ഒരേയൊരു സർക്കാരാണെന്ന് മുല്ലക്കര രത്നാകരൻ സർട്ടിഫൈ ചെയ്തു. ചരിത്രത്തിന്റെ ചാരിത്ര്യം ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടാലുള്ള അവസ്ഥയെയോർത്ത് അദ്ദേഹം ആകുലചിത്തനായത്, ഗ്വാളിയറിൽ ഗാന്ധിഘാതകൻ ഗോഡ്സെയ്ക്കായി ഗവേഷണകേന്ദ്രം തുടങ്ങുന്നതിനെ ഓർമ്മിച്ചാണ്. പലതുകൊണ്ടും ചിന്തിപ്പിക്കുന്ന പ്രസംഗം.