റഷ്യയുടെ സ്പുട്നിക് V വാക്സിന്റെ ഒറ്റ ഡോസ് പതിപ്പായ 'സ്പുട്നിക് ലൈറ്റി'ന്റെ ട്രയലുകൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്പുട്നിക് വാക്സിന്റെ ട്രയൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഇരട്ട ഡോസ് ആയ യഥാർത്ഥ വാക്സിന്റെ ഒറ്റ ഡോസ് പതിപ്പ് വിജയകരമായി വികസിപ്പിക്കാൻ അധികൃതർ ലക്ഷ്യമിടുന്നത്.
2020 ഓഗസ്റ്റിലാണ് റഷ്യ സ്പുട്നികിന് അംഗീകാരം നൽകിയത്. ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ അംഗീകാരം ലഭിക്കുന്ന വാക്സിനാണ് സ്പുട്നിക്. റഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഇതുവരെ 1.5 മില്യൺ പേർക്ക് സ്പുട്നിക് വാക്സിൻ കുത്തിവച്ചതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അവകാശപ്പെടുന്നു. യഥാർത്ഥ സ്പുട്നികിനെക്കാൾ ഫലപ്രാപ്തി കുറഞ്ഞതാണ് സ്പുട്നിക് ലൈറ്റ്.
എന്നാൽ, കൊവിഡ് രൂക്ഷമായി തുടരുന്ന രാജ്യങ്ങൾക്ക് താത്കാലിക ആശ്വാസം നൽകാൻ ലൈറ്റിന് കഴിയുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറിൽ ഡിമിട്രീവ് പറഞ്ഞു. ഡിസംബറിൽ സ്പുട്നികിന്റെ മൂന്നാം ഘട്ട ട്രയലുകൾ നടക്കുന്നതിനിടെ തന്നെ റഷ്യയിൽ മാസ് വാക്സിനേഷൻ ആരംഭിച്ചിരുന്നു, ഇതിന് പല ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങളും നേരിട്ടിരുന്നു.
സ്പുട്നിക് 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നും ഒരു ബില്യണിലേറെ ഡോസുകൾ പല രാജ്യങ്ങളും ഇതിനോടകം തന്നെ മുൻകൂട്ടി ഓർഡർ ചെയ്തതായും വാക്സിന്റെ നിർമാതാക്കളായ മോസ്കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. സ്പുട്നിക് ലൈറ്റിന്റെ ഫലപ്രാപ്തി 85 ശതമാനമാണ്. ബെലറൂസ്, സെർബിയ, അർജന്റീന എന്നിവിടങ്ങളിൽ സ്പുട്നികിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.