വെള്ളറട: വെള്ളറടയിൽ ജനങ്ങളുടെ ദീർഘനാളായുള്ള പൊതുശ്മശാനം സ്ഥാപിക്കൽ എന്ന ആവശ്യത്തിന് വേണ്ട നടപടികൾ എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ നിരവധി തവണ പൊതുശ്മശാനം ഉൾപ്പെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശമായ ഇവിടെ ഒരു പൊതു ശ്മശാനം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
മുൻ ജില്ലാ പഞ്ചായത്ത് വെള്ളറടയിൽ പൊതുശ്മശാനം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും വിട്ടുനൽകാൻ തയ്യാറാണെന്ന് കാണിച്ച് വസ്തു ഉടമകൾ രേഖകൾ ജില്ലാ അധികൃതർക്ക് കൈമാറുകയായിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുത്ത് ശ്മശാനം നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങിയില്ല. ജനങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിൽ രണ്ടോ മൂന്നോ സെന്റ് വസ്തുവിലാണ് വീടു വയ്ക്കുന്നത്. ഇവിടങ്ങളിൽ ആരെങ്കിലും മരിച്ചാൽ കിലോമീറ്ററുകൾ താണ്ടി പൊതു ശ്മശാനങ്ങളുള്ള സ്ഥലത്ത് മൃതദേഹങ്ങൾ കൊണ്ടുപോയി സംസ്കരിക്കാൻ ഭാരിച്ച ചെലവുതന്നെ വേണ്ടിവരുന്നു.
ഏറെ ജനവാസമില്ലാത്ത പ്രദേശം നിരവധി തന്നെ പഞ്ചായത്തിലുണ്ട്. എന്നാൽ ശ്മശാനം സ്ഥാപിക്കാൻ നടപടികൾ വൈകുന്നു. പുതിയ ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ അധികാരത്തിൽ എത്തി. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായാൽ വെള്ളറടയിലെ പൊതു ശ്മശാനത്തിന് പരിഹാരമാകുമായിരുന്നു.
പാവങ്ങളുടെ കാര്യം കഷ്ടം
വാഹന വാടകയും സംസ്കരണ ചെലവിനും പണമില്ലാത്തവർ ഏറെ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്തിൽ പൊതുസ്മശാനമില്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത് കോളനിവാസികളാണ്. ഏറ്റവും കൂടുതൽ കോളനിയുള്ള പ്രദേശം കൂടിയാണ് വെള്ളറട. പൊതു സ്ഥലങ്ങളിൽ കിടന്നു മരിക്കുന്ന അജ്ഞാതരെപ്പോലും സംസ്കരിക്കാൻ ഇടമില്ല. ആരുടെയെങ്കിലും കാരുണ്യത്താൽ സംസ്കരിക്കണം.