തിരുവനന്തപുരം: സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെ.എസ്.ഐ.ടി.ഐ.എൽ) അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശ. മൂന്ന് മാസത്തെ അന്വേഷണത്തിന് ശേഷമാണ് ധനകാര്യപരിശോധന വിഭാഗം വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃതമായി കയറിയ ജീവനക്കാരെയെല്ലാം പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ നിയമനത്തിലെ ക്രമക്കേട് കണ്ടെത്തിയതോടെയാണ് വിശദ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. ഐ.ടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നീ പദവികൾ ദുരുപയോഗം ചെയ്താണ് എം.ശിവശങ്കർ ഈ നിയമനങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്വപ്ന സുരേഷിന് നിശ്ചിത യോഗ്യതയില്ല. മറ്റൊരു വകുപ്പിൽ ക്രമക്കേട് നടത്തിയതിന്റെ പേരിൽ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെയും എം.ശിവശങ്കർ നിയമിച്ചു. പ്രൈസ് വാട്ടർ കൂപ്പറിനെ കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ കൺസൾട്ടന്റ് ആയി നിയമിച്ച വിവരവും സർക്കാരിനെ അറിയിച്ചിരുന്നില്ല. ശിവശങ്കറിനെതിരെ നടപടിയെടുത്ത ശേഷം സ്ഥാപനത്തിലെ നിയമനത്തിനായി രൂപീകരിച്ച സ്പെഷ്യൽകമ്മിറ്രിയുടെ ന്യൂനതയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.