തിരുവനന്തപുരം: ബ്രഹ്മപുരത്തുള്ള കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മിച്ചമുള്ള 10 ഏക്കർ ഭൂമി ഉപയോഗപ്പെടുത്തി എക്കൽ, ചെളി തുടങ്ങിയവ ശാസ്ത്രീയമായി നിക്ഷേപിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ
അറിയിച്ചു..
പശ്ചിമ കൊച്ചിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കായൽ ജലം കയറുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്. നഗരാതിർത്തിയിലുള്ള ഏകദേശം 240 ഓടകൾ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി എല്ലാവർഷവും എക്കൽ നീക്കം ചെയ്ത് വൃത്തിയാക്കാറുണ്ട്. മൂവാറ്റുപുഴ, പെരിയാർ ഡീസിൽറ്റിംഗ് നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും ജോൺ ഫെർണാണ്ടസിന്റെ സബ്മിഷന് മറുപടി നൽകി.
കണ്ണങ്കാട്ട് വെല്ലിംഗ്ടൺ ഐലന്റ് പാലം മുതൽ അരൂർ പാലം വരെയുള്ള വേമ്പനാട് കായലിലെ എക്കൽ നീക്കം ചെയ്യുന്നതിനുള്ള 13.79 കോടിയുടെ എസ്റ്റിമേറ്റ് ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ പരിശോധനയിലാണ്. എക്കലും ചെളിയും നിക്ഷേപിക്കാൻ പള്ളുരുത്തി മേഖലയിലെ മൂന്നേക്കർ ഭൂമി ലീസിന് നൽകണമെന്ന് കൊച്ചി കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോർട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള രാമേശ്വരം വില്ലേജിലെ ഭൂമിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തികൾക്ക് അനുമതി നൽകും. ഫോർട്ട് കൊച്ചി മുതൽ മട്ടാഞ്ചേരി മുതലുള്ള ബോട്ട് റൂട്ടുകളുടെ ആഴം കൂട്ടൽ പ്രവൃത്തികൾ ടെൻഡർ ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നു. എക്കലും മാലിന്യങ്ങളും നിക്ഷേപിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ എറണാകുളം ജില്ലാകളക്ടർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.