vessel

യു.എസിലെ മാൻഹട്ടനിലുള്ള ഹഡ്സൺ യാർഡ്സിൽ സ്ഥിതി ചെയ്യുന്ന 150 അടി ഉയരമുള്ള 'ദ വെസൽ' താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഒരു വർഷത്തിനുള്ളിൽ മൂന്നാമത്തെ ആത്മഹത്യ അരങ്ങേറിയ പശ്ചാത്തലത്തിലാണിത്. 15 നിലകളോട് കൂടിയ ചെമ്പ് പൊതിഞ്ഞ കെട്ടിടം 2019 മാർച്ചിലാണ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. തോമസ് ഹീതെർവിക്ക് എന്ന ബ്രിട്ടീഷുകാരൻ ഡിസൈൻ ചെയ്ത സ്പൈറൽ സ്റ്റെയർകേയ്സ് ആകൃതിയിലുള്ള ഈ കെട്ടിടത്തിൽ 154 പടിക്കെട്ടുകളും 2500 പടികളും 80 ലാൻഡിംഗുകളുമുണ്ട്.

2020 ഫെബ്രുവരിയിൽ ഇവിടെ സന്ദർശനത്തിനെത്തിയ ന്യൂജേഴ്സി സ്വദേശിയായ 19 കാരൻ വെസലിന് മുകളിൽ നിന്ന് ചാടി മരിച്ചിരുന്നു. കെട്ടിടത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബർ 22ന് 24 വയസുള്ള ബ്രൂക്ക്‌ലിൻ സ്വദേശിനി വെസലിൽ നിന്ന് ചാടി മരിച്ചു. ഏറ്റവും ഒടുവിൽ ഇവിടെ ആത്മഹത്യ ആവർത്തിച്ചത് ജനുവരി 11 നാണ്. ടെക്സസ് സ്വദേശിയായ 21 കാരനാണ് ജീവനൊടുക്കിയത്.