തിരുവനന്തപുരം: ജയിലുകളിൽ ആത്മഹത്യ കൂടുന്ന സാഹചര്യത്തിൽ തടവുകാരുടെ വേഷം മാറ്റുന്നു. പുരുഷൻമാർക്ക് ടീ ഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറുമാണ് പുതിയ വേഷം. കോഴിക്കോട് സബ് ജയിലിലാണ് പുതിയ വേഷം ആദ്യം നടപ്പിലാക്കുക. തുടർന്ന് എല്ലാ ജയിലുകളിലുമാക്കും.
200 പുരുഷ തടവുകാരും 15വനിതാ തടവുകാരുമാണ് കോഴിക്കോട് ജയിലിലുള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ ഒരു തടവുകാരൻ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരുടെ വേഷത്തിൽ മാറ്റം വേണമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് നിർദ്ദേശിച്ചത്.
ഒരാൾക്ക് രണ്ട് ജോഡി വസ്ത്രം നൽകാനാണ് ധാരണയായിരിക്കുന്നത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പുതിയ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഏതു നിറത്തിലുള്ള വേഷം വേണമെന്നതിൽ തീരുമാനമെടുത്തിട്ടില്ല. വസ്ത്രങ്ങൾ സ്പോൺസർ ചെയ്യാൻ താത്പര്യമുള്ളവർക്ക് ജയിൽ വകുപ്പുമായി ബന്ധപ്പെടാം. 55 ജയിലുകളാണ് സംസ്ഥാനത്തുള്ളത്. മൂന്ന് സെൻട്രൽ ജയിലിലും വനിതാ ജയിലിലും സബ് ജയിലിലുമായി 7485 തടവുകാരാണുള്ളത്.