തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് നാളെ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. കൊവിഡ് ഉണ്ടാക്കിയ മരവിപ്പുമൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം പ്രതിസന്ധിയിലായ സമയമാണിത്. തുടർഭരണം പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ പ്രായോഗികമായ ബഡ്‌ജറ്റായിരിക്കും. നാലു മാസത്തെ വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ് പാസാക്കുക. പുതിയ സർക്കാരിനു വേണമെങ്കിൽ പുതിയ ബഡ്‌ജറ്റ് അവതരിപ്പിക്കാം.
ബഡ്‌ജറ്റിനു പുറത്ത് കിഫ്ബി വഴി ധനസമാഹരണം നടത്തുന്നതുകൊണ്ട് മൂലധന ചെലവുകൾ വർദ്ധിപ്പിക്കാൻ ബഡ്‌ജറ്റിൽ കാര്യമായ ശ്രമമുണ്ടാകില്ല. തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ പദ്ധതി കൊണ്ടുവരുമെന്നാണ് ഐസക് നൽകുന്ന സൂചന. ഒരുപക്ഷേ, ഇത്തവണത്തെ ബഡ്‌ജറ്റിലെ പ്രധാന ആകർഷണവും തൊഴിലില്ലായ്മ പരിഹരിക്കൽ പദ്ധതിയായിക്കും. ദേശീയതലത്തിലെ തൊഴിലില്ലായ്മ 6.1 ശതമാനമായിരിക്കേ കേരളത്തിലെ തൊഴിലില്ലായ്മ 11.4 ശതമാനമായ സാഹചര്യത്തിലാണിത്. സാമൂഹിക സുരക്ഷാ- ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിക്കൽ, വീട്ടമ്മമാർക്ക് വരുമാനം ഉയർത്തൽ, കാർഷിക വിളകളുടെ താങ്ങുവില ഉയർത്തൽ തുടങ്ങിയ ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി സൂചനകൾ നൽകിയിരുന്നു.
ഗൾഫ് നാടുകളിൽ നിന്നുള്ള തിരിച്ചുവരവുണ്ടാക്കിയ തൊഴിലില്ലായ്മ, ടൂറിസത്തിന്റെ തകർച്ച, നിർമ്മാണ മേഖലയുടെ കിതപ്പ്, ചെറുകിട വ്യവസായങ്ങളുടെ തകർച്ച, ജി.ഡി.പിയുടെ പ്രധാന സ്രോതസായ പർച്ചേസിംഗിലുള്ള കുറവ് എന്നിവയെല്ലാം വിപരീത ഘടകങ്ങളാണ്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 28ശതമാനവും ജി.എസ്.ടി വഴിയാണ്. വാറ്ര് നികുതി തുടങ്ങിയവ ജി.എസ്.ടി യിലേക്ക് മാറ്റിയതോടെ ബഡ്‌ജറ്റിലെ നികുതി പ്രഖ്യാപനത്തിന്റെ പ്രസക്തി ഇല്ലാതായി. ധനകാര്യ കമ്മിഷൻ ശുപാർശകൾ വഴി കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൂടുമെങ്കിലും കേരളത്തിന്റെ ഓഹരി 2.5 ശതമാനത്തിൽ നിന്ന് 1.94 ശതമാനമായി കുറഞ്ഞത് കേന്ദ്രസഹായത്തെ ബാധിക്കും.
മുന്നോട്ട് കുതിക്കാൻ?
സംസ്ഥാനത്തിന്റെ പൊതുകടം 2,92,086 കോടിയായി ഉയർന്നിട്ടുണ്ട്. പലിശ നിരക്കിനേക്കാൾ ഉയർന്ന വളർച്ച നേടിയാലേ മുന്നോട്ട് കുതിക്കാനാകൂ. വിദേശ മദ്യത്തിന്റെ നികുതി കൂട്ടൽ തുടങ്ങിയ ചില പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. ധനക്കമ്മിയും റവന്യൂ കമ്മിയും കൂടാനാണ് സാദ്ധ്യത. ധനക്കമ്മി കുറയ്ക്കാൻ എന്തുനടപടിയെടുക്കുമെന്ന് കണ്ടറിയാം. കഴിഞ്ഞ വർഷം ഇത് യഥാക്രമം സംസ്ഥാന ജി.ഡി.പിയുടെ 3 ശതമാനവും 1.6 ശതമാനവുമായിരുന്നു. അഞ്ചു വർഷത്തിലൊരിക്കലുള്ള ശമ്പള പരിഷ്കരണം നടത്തേണ്ട വർഷമായതിനാൽ അതിനുകൂടി പണം കണ്ടെത്തണം. പെൻഷൻ, ശമ്പളം, പലിശ എന്നിവയ്ക്കായി സർക്കാരിന് 80,000 കോടി രൂപ കണ്ടെത്തണം. സ്വകാര്യ നിക്ഷേപം, പി.പി.പി പദ്ധതികൾ എന്നിവയെ സർക്കാർ ആശ്രയിക്കുമോ എന്നും കണ്ടറിയാം.