info

തിരുവനന്തപുരം : വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ കൈകാര്യം ചെയ്തതിൽ വീഴ്‌ചവരുത്തിയ കേരള കാർഷിക സർവകലാശാല രജിസ്ട്രാർക്കും ഡെപ്യൂട്ടി രജിസ്ട്രാർക്കും (ഭരണവിഭാഗം) വിവരാവകാശ നിയമം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കാൻ ഉത്തരവ്. പരിശീലനം സംഘടിപ്പിക്കാൻ സർവകലാശാലയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ഡയറക്ടറെ സമീപിക്കാമെന്നും വിവരാവകാശ കമ്മിഷൻ ഡോ. കെ.എൽ. വിവേകാനന്ദൻ ഉത്തരവിട്ടു.

സർവകലാശാലയിലെ അദ്ധ്യാപകൻ ഡോ.പ്രതാപൻ നൽകിയ പരാതിയിലാണ് നടപടി. നിരവധി പ്രാവശ്യം വിവരാവകാശ പ്രകാരം രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനാണ് ശിക്ഷ.

താനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ സർവകലാശാല നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് പ്രൊഫസർ പ്രതാപൻ വിവരാവകാശ നിയമ പ്രകാരം തേടിയത്. കഴിഞ്ഞ ആഗസ്റ്റ് 20ന് സമർപ്പിച്ച അപേക്ഷയ്ക്കും പിന്നീട് ഒന്നാം അപ്പീലിനും മറുപടി നൽകിയില്ല.പരാതിയിൽ ഇടപെട്ട കമ്മിഷൻ കഴിഞ്ഞ മാസം അഞ്ചിന് ആവശ്യപ്പെട്ടതുപ്രകാരം 16ന് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു.

സർവകലാശാലയുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നാണ് ഇതിൽ പറഞ്ഞത്. വിവരാവകാശ നിയമപ്രകാരം മറുപടി കൊടുക്കാതിരിക്കാനും ഒട്ടും പ്രസക്തമല്ലാത്ത വിധം നിയമം ദുർവ്യാഖ്യാനം ചെയ്യാനും ഡെപ്യൂട്ടി രജിസ്ട്രാർ ശ്രമിച്ചു. ഇതിലൂടെ ഈ രണ്ട് ഉദ്യോഗസ്ഥർക്കും നിയമത്തെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് മനസിലായെന്നും അതിനാലാണ് നടപടിയെന്നും കമ്മിഷണർ പ്രസ്താവനയിൽ പറഞ്ഞു.