chennithala

തിരുവനന്തപുരം: പാവങ്ങളെ മുന്നിൽ നിറുത്തി വൻകൊള്ള നടത്തുന്ന പിണറായി സർക്കാരിന്റെ പ്രവർത്തനശൈലിയുടെ ഉത്തമ ഉദാഹരണമാണ് വടക്കഞ്ചേരി ലൈഫ് പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 20 കോടിയുടെ പദ്ധതിയിൽ 9.5 കോടിയും കമ്മിഷനായി പലരും വിഴുങ്ങിയ പദ്ധതിയെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ വരുന്നു എന്നറിഞ്ഞപ്പോൾ രായ്ക്കു രാമാനം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലൻസുകാർ സെക്രട്ടേറിയറ്റിൽ പാഞ്ഞെത്തി ലൈഫിന്റെ ഫലയുകളെല്ലാം കടത്തി. ഫയലുകൾ സി.ബി.ഐക്കാരുടെ കൈയിലെത്തിയാൽ എന്തുമാത്രം ആപത്താണെന്ന് മുഖ്യമന്ത്രിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ വാക്കൗട്ടിനു മുമ്പ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐ വന്നപ്പോഴാണ് കോടതിയിൽ കേസുമായി പോയത്. കോടതിയും പറഞ്ഞിരിക്കുന്നു സി.ബി.ഐക്ക് കേസ് അന്വേഷിക്കാമെന്ന്. ഈ ഇടപാടിൽ എഫ്.സി.ആർ.എ ലംഘനമുണ്ട്. ഉന്നത തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. കമ്മിഷൻ തട്ടുന്നതിന് വളരെ ബുദ്ധിപൂർവമാണ് പദ്ധതി തയ്യാറാക്കിയത്. വിദേശഫണ്ട് ഉൾപ്പെട്ടിതിനാൽ അന്താരാഷ്ട്ര മാനങ്ങളുണ്ട്. അതിനാൽ സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞത്. ഈ കോടതി വിധി സർക്കാരിന്റെ മുഖമടച്ചുള്ള അടിയാണ്.