ശ്രീകാര്യം: മാറി മാറി വരുന്ന ഭരണാധികാരികൾ വൻകിട പദ്ധതികൾക്ക് രൂപം നൽകിയ ശ്രീകാര്യത്തിന്റെ വികസനം ഇപ്പോഴും കടലാസിൽ മാത്രം. സ്വപ്‌നപദ്ധതികളായ ലൈറ്റ് മെട്രോയും മിനി സിവിൽ സ്റ്റേഷനും ഫ്ളൈഓവറും തുടങ്ങിയിടത്ത് നിൽക്കുകയാണ്. ലൈറ്റ് മെട്രോയുടെ നിർമ്മാണം ശ്രീകാര്യത്ത് നിന്ന് ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞതോടെ വീണ്ടും പ്രതീക്ഷയിലാണ് ശ്രീകാര്യത്തെ ജനങ്ങൾ. ലൈറ്റ് മെട്രോയുടെ ഭാഗമായാണ് ശ്രീകാര്യം, പട്ടം, ഉള്ളൂർ എന്നിവിടങ്ങളിൽ ഫ്ളൈഓവറുകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ 2016ൽ ഭരണാനുമതി നൽകുകയും 272 .84 കോടി രൂപ അനുവദിക്കുകയും ചെയ്‌തത്. എന്നാൽ തുടർ നടപടികളുണ്ടായില്ലെന്ന് മാത്രം. കഴിഞ്ഞ ബഡ്‌ജറ്റിൽ 10 കോടി രൂപ വകയിരുത്തിയ ശ്രീകാര്യം മിനി സിവിൽ സ്റ്റേഷന്റെ കാര്യവും സമാനമാണ്. സ്ഥലമേറ്റെടുപ്പാണ് ഇവിടെ വില്ലനാകുന്നത്. ശ്രീകാര്യം - ചെക്കാലമുക്ക് റോഡിന് സമീപത്തെ സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്താൽ മാത്രമേ ശ്രീകാര്യം മിനി സിവിൽസ്റ്റേഷൻ യാഥാർത്ഥ്യമാകൂ. നഗരസഭയുടെ കൈവശമുള്ള 22 സെന്റ് സ്ഥലം തികയാത്തതുകൊണ്ടാണ് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ശ്രീകാര്യം ഫ്ലൈഓവറിന്റെ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയാക്കിയെങ്കിലും ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിലയിടുന്ന നടപടികൾ നീളുന്നതാണ് ടെൻഡർ വൈകാൻ കാരണം. ഭൂവുടമകളുമായി ഈ മാസം 25ന് ശ്രീകാര്യം ലയോള ആഡിറ്റോറിയത്തിൽ നടക്കുന്ന അവസാനവട്ട ചർച്ചയ്ക്ക് ശേഷമേ വാലുവേഷൻ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂവെന്നാണ് റവന്യു ഉദ്യോഗസ്ഥർ പറയുന്നത്. ഐ.ടി നഗരത്തിനോട് ചേർന്നുകിടക്കുന്ന ശ്രീകാര്യത്തിന് വേണ്ടത് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ്. ദേശീയപാത വികസനവും ടെക്നോപാർക്കിന്റെ മൂന്നാം ഘട്ടവും ടെക്നോസിറ്റിയുടെ വരവും ശ്രീകാര്യത്തെ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ.
ശ്രീകാര്യം ഓവർബ്രിഡ്‌ജിന്റെ സ്ഥലമെടുപ്പ് നടപടികൾ അവസാന ഘട്ടത്തിലാണ്. മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ആവശ്യമായ
സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ മന്ത്രിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
സ്റ്റാൻലി ഡിക്രൂസ് (ശ്രീകാര്യം വാർഡ് കൗൺസിലർ
ശ്രീകാര്യം ഫ്ളൈ ഓവർ
-------------------------------------------
പദ്ധതി ഇങ്ങനെ
ആകെ ചെലവ്: 135.37 കോടി
സ്ഥലം ഏറ്റെടുക്കലിന്: 81.5 കോടി
ഏറ്റെടുക്കുന്ന സ്ഥലം:1.34 ഹെക്ടർ
നാലുവരി ഫ്ളൈ ഓവർ
നീളം: 535 മീറ്റർ
വീതി: ഇരുവശങ്ങളിലുമായി 15 മീറ്റർ
സർവീസ് റോഡുകൾ: 5.5 മീറ്റർ
തർക്കം തുടരുന്നു
----------------------------------------
ചെറുവയ്‌ക്കൽ, ഉള്ളൂർ, പാങ്ങപ്പാറ വില്ലേജുകളിലായി 1.34 ഹെക്ടർ ഭൂമിയാണ് ഫ്ലൈ ഓവറിനായി ഏറ്റെടുക്കുന്നത്. കച്ചവട സ്ഥാപനങ്ങളും റസിഡൻഷ്യൽ ബിൽഡിംഗുകളും സാംസ്‌കാരിക നിലയങ്ങളും ഉൾപ്പെടെ 130 പേരാണ് ഭൂമി വിട്ടുനൽകുന്നത്. അധികം പഴക്കമില്ലാത്ത കെട്ടിടങ്ങൾക്ക് സ്‌ക്വയർ ഫീറ്റിന് 4000 രൂപയും കാലപ്പഴക്കമുള്ള കെട്ടിടങ്ങൾക്ക് 2500 മുതൽ 3000 വരെയും ഭൂമിക്ക് സെന്റിന് 10 മുതൽ 13 ലക്ഷം രൂപയുമാണ് കണക്കാക്കുന്നത്.
ശ്രീകാര്യം മിനി സിവിൽ സ്റ്റേഷൻ
----------------------------------------------------------
കഴിഞ്ഞ ബഡ്‌ജറ്റിൽ 10 കോടി രൂപ വകയിരുത്തി
പ്രധാന പ്രശ്‌നം സ്ഥലം ഏറ്റെടുക്കൽ