valayar

തിരുവനന്തപുരം:പ്രമാദമായ കേസുകളിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് ക്രിമിനൽ കേസുകൾ വാദിക്കുന്ന,​ സർക്കാർ പാനലിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും ഉന്നത പൊലീസുദ്യോഗസ്ഥരിൽ നിന്നും നിയമോപദേശം തേടാൻ അന്വേഷണോദ്യോഗസ്ഥർക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചു.

വാളയാർ കേസന്വേഷിച്ച ജഡ്‌ജി പി.കെ. ഹനീഫ കമ്മിഷന്റെ നിർദ്ദേശം അംഗീകരിച്ചാണ് നടപടി. കമ്മിഷൻ റിപ്പോർട്ടും അതിൽ സർക്കാരിന്റെ നടപടി റിപ്പോർട്ടും ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ വച്ചു.

പ്രമാദമായ കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിന് മുമ്പ് ക്രിമിനൽ കേസുകൾ വാദിക്കുന്ന അഭിഭാഷകരുടെ പാനൽ തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ പാനലിൽ നിന്നാകും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുക. ജില്ലാ മജിസ്ട്രേട്ട് വഴി സെഷൻസ് ജഡ്ജിയിൽ നിന്ന് പട്ടിക വാങ്ങിയാകും പാനൽ തയാറാക്കുക. സെഷൻസ് കോടതികളിൽ നിയമിക്കപ്പെടുന്ന പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് രണ്ട് മാസത്തെ പരിശീലനം നിർബന്ധമാക്കും.

വാളയാർ കേസിൽ അന്വേഷണോദ്യോഗസ്ഥനും മുൻ എസ്.ഐയുമായ പി.സി. ചാക്കോയ്‌ക്ക് ഗുരുതര വീഴ്ചകളുണ്ടായെന്ന് കമ്മിഷൻ റിപ്പോർട്ടിലുണ്ട്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ നേരിട്ടും ശാസ്ത്രീയവുമായ തെളിവുകൾ ശേഖരിക്കാനുള്ള അവസരം ഈ ഉദ്യോഗസ്ഥൻ നശിപ്പിച്ചു. ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികൾക്കും ശുപാ‌ർശ ചെയ്‌തു. ഇദ്ദേഹത്തെ സ്ഥിരമായി അന്വേഷണ ചുമതലകളിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായിരുന്ന അഡ്വ. ലത ജയരാജ്, അഡ്വ. ജലജ മാധവൻ എന്നിവർക്കും ഗുരുതര വീഴ്ചകളുണ്ടായി. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ സത്യസന്ധമായും വിശ്വാസ്യതയോടെയും ഉപയോഗിക്കാനും പ്രോസിക്യൂഷൻ സമയത്ത് പ്രതികളുടെ കുറ്റം തെളിയിക്കാനുള്ള തെളിവുകൾ ഹാജരാക്കാനും ഇരുവർക്കും കഴിഞ്ഞില്ല. ഇവരുടെ വീഴ്ചകൾ നിന്ദാർഹമാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ സെഷൻസ് കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി ഇരുവരെയും പരിഗണിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.