തിരുവനന്തപുരം : കോ‌ർപ്പറേഷന്റെ സ്ഥിരം സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തിന് പിന്നാലെ അദ്ധ്യക്ഷൻമാരുടെ കാര്യത്തിൽ ഇടത് മുന്നണിയിൽ ധാരണയായി. പുതുമുഖങ്ങളാണ് ഇടം പിടിച്ചവരിൽ ഏറെയും. 19നാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്. ഡെപ്യൂട്ടിമേയർ സ്ഥാനത്തിന് പുറമേ ഒരു സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം കൂടി സി.പി.ഐ ആവശ്യപ്പെട്ടെങ്കിലും അത് നൽകാനിടമില്ല. അവകാശവാദമുന്നയിക്കുന്ന മറ്റു കക്ഷികൾക്ക് എല്ലാം തുല്യകാലയളവ് നിശ്ചയിച്ച് ഒരു സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനം നൽകും. എട്ട് സമിതികളിൽ ധനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനം ഡെപ്യൂട്ടി മേയർ ആയതിനാൽ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പുണ്ടാകില്ല. ഡെപ്യൂട്ടിമേയ‌ർ പി.കെ.രാജു നേരത്തെ ഈ സ്ഥാനം ഏറ്റെടുത്തു. വികസനകാര്യ സ്ഥിരം സമിതിയിലേക്ക് ഉള്ളൂർ വാർഡ് കൗൺസിലർ എൽ.എസ്.ആതിരയെയാണ് പരിഗണിക്കുന്നത്. ഡി.വൈ.എഫ്‌.ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി അംഗമാണ് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ആതിര. ചാക്ക വാർഡ് കൗൺസിലർ എം.ശാന്തയും സാദ്ധ്യതാ പട്ടികയിലുണ്ട്. ക്ഷേമകാര്യ സ്ഥിരം സമിതിയിൽ കോർപ്പറേഷനിലെ സി.പി.എം പാർലമെന്ററി പാർട്ടി നേതാവായ എസ്. സലിം അദ്ധ്യക്ഷനാകും. 2005 മുതൽ രണ്ടു ടേം കൗൺസിലറായിരുന്നു ചാല ഏരിയാ കമ്മിറ്റി അംഗമായ സലിം. മുട്ടത്തറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ആരോഗ്യകാര്യ സ്ഥിരം സമിതിയിൽ പി. ജമീല ശ്രീധരനാണ് സാദ്ധ്യത. പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ജോയിന്റ് ഡയറക്ടറായിരുന്ന ജമീല സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ.ശ്രീധരന്റെ മകളാണ്.പി.എസ്.സി അംഗവുമായിരുന്നു. നഗരാസൂത്രണ സ്ഥിരം സമിതിയിൽ ജിഷ ജോണും വിദ്യാഭ്യാസ കായിക സ്ഥിരം സമിതിയിൽ ഡോ.കെ.എസ്. റീനയും അദ്ധ്യക്ഷരാകുമെന്നാണ് സൂചന. ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചാണ് ജിഷ കൗൺസിലിൽ അംഗമാകുന്നത്. ദന്ത‌ഡോക്ടറാണ് റീന. കോർപ്പറേഷനിലെ ഇടതു മുന്നണി പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ മരാമത്ത് കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനാകും.വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമാണ് അനിൽ. കെഡ്‌കോ ചെയർമാനായിരുന്നു.

നാല് കക്ഷികൾക്കായി ഒരു സമിതി

നികുതി അപ്പീൽകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം സി.പി.ഐ ഒഴികെയുള്ള നാല് ഘടകകക്ഷികൾക്കായി വീതിച്ചു നൽകും. ഓരോരുത്തർക്കും 15 മാസം വീതം അദ്ധ്യക്ഷപദവി ലഭിക്കും. ആദ്യ ടേമിൽ എസ്. എം. ബഷീറും (ഐ.എൻ.എൽ), രണ്ടാം വർഷം പാളയം രാജനും (കോൺഗ്രസ്–എസ്), മൂന്നാമത് സിന്ധുവും (ജനതാദൾ–എസ്), നാലാമത് ആർ. സുരകുമാരിയും (ജെ.എസ്.എസ്) ആയിരിക്കും അദ്ധ്യക്ഷ പദവിയിലെത്തുക.