d

തിരുവനന്തപുരം : ആദ്യഘട്ട കൊവിഡ് പ്രതിരോധകുത്തിവയ്പിനുള്ള 1,34,000 ഡോസ് വാക്‌സിൻ തലസ്ഥാനത്തെത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ആരോഗ്യപ്രവർത്തകർ പുഷ്പവൃഷ്ടിയും നടത്തി. ഇന്നലെ വൈകിട്ട് 6.20ഓടെ ആഭ്യന്തര വിമാനത്താവളത്തിലെത്തിയ മുംബയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ 12 പെട്ടികളിലായെത്തിയ വാക്‌സിൻ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സി.ആർ.പി.എഫിന്റെ മേൽനോട്ടത്തിൽ വാ‌ക്സിൻ ബോക്സുകൾ പ്രത്യേക കവചിത വാഹനത്തിലേക്ക് മാറ്റി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കുള്ള വാക്‌സിനാണ് ഇവ. തുട‌ർന്ന് പൊലീസ്

അകടമ്പടിയോടെ വാഹനം ജില്ലാ മെഡിക്കൽ ഓഫീസിനോടു ചേർന്ന റീജിയണൽ വാക്‌സിൻ സ്‌റ്റോറേജിലേക്കു മാറ്റി. ഇതിൽ 64,020 ഡോസ് തിരുവനന്തപുരം ജില്ലയിൽ വിതരണത്തിനുള്ളതാണ്. ബാക്കിയുള്ളവ മറ്റു ജില്ലകളിലേക്ക് ഇന്ന് രാവിലെ അയയ്ക്കും.

തിരുവനന്തപുരത്ത് 11 കേന്ദ്രങ്ങളിലാണ് 16ന് വാക്‌സിൻ വിതരണം നടക്കുന്നത്. ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂർ സി.എച്ച്.സി, വർക്കല താലൂക്ക് ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരുവനന്തപുരം കിംസ് ആശുപത്രി, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ മാതൃകാ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളാണ് ജില്ലയിലെ വാക്‌സിൻ വിതരണം നടക്കുന്നത്.

ചരിത്രനിമിഷമെന്ന് കളക്ട‌ർ

ആദ്യഘട്ട വാക്‌സിൻ എത്തിയതു ചരിത്ര നിമിഷമാണെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വാക്‌സിനേഷൻ മറ്റു ജില്ലകളിലേക്കും ജില്ലയിലെ വാക്‌സിൻ വിതരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വാക്‌സിൻ എത്തിക്കുന്നതിനുള്ള നടപടികളുമായി സഹകരിച്ച വിമാനത്താവള അധികൃതരെയും എയർലൈൻ ഉദ്യോഗസ്ഥരെയും

കളക്ടർ അഭിനന്ദിച്ചു.

പുഷ്പവൃഷ്ടിയുമായി ബി.ജെ.പിയും

വാക്സിൻ പെട്ടികളുമായി വിമാനത്താവളത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങിയ വാഹനത്തിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പവൃഷ്ടി നടത്തി. കേന്ദ്രസ‌ർക്കാരിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യങ്ങളും മുഴക്കി.