news-photo

ഗുരുവായൂർ: സഹോദരങ്ങളായ മോഷ്ടാക്കളെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പൊട്ടശ്ശേരി കണ്ണനൂർ വീട്ടിൽ ഷെമിൻ എന്ന റിജോ (21), ഷെറിൻ എന്ന റിനോ(20), പ്രിൻസ് എന്ന റിൻസ് (18) എന്നിവരെയാണ് ടെമ്പിൾ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രേമാനന കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

മമ്മിയൂർ പുന്നത്തൂർ റോഡ് ജംഗ്ഷനിലുള്ള അമൽ ബേക്കറിയിലെ ജീവനക്കാരിയാരിയുടെ പണവും, പാദസ്വരങ്ങളും, മൊബൈൽ ഫോണുകളും, മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ചയാണ് മോഷണം നടന്നിരുന്നത്. പരാതിയിൽ അന്വേഷണം നടന്നു വരുന്നതിനിടെ ചൊവ്വാഴ്ച പടിഞ്ഞാറെ നടയിൽ നിന്നാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.

പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും അമൽ ബേക്കറിയിൽ നിന്നും നഷ്ടപ്പെട്ട പണം ഒഴികെയുള്ള മറ്റ് വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ മറ്റ് 7 ഓളം മൊബൈൽ ഫോണുകളും, പലരുടെയും ഐ.ഡി കാർഡ്, എ.ടി.എം കാർഡ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, നാട്ടുകൽ, കല്ലടിക്കോട് തുടങ്ങിയ സ്റ്റേഷനുകളിലായി 8 ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജാക്കി റിമാൻഡ് ചെയ്തു.