fff

തൃശൂർ: പൂത്തോളിൽ കാൽനട യാത്രക്കാരന്റെ മൊബൈൽ ഫോണും പഴ്‌സും മോഷ്ടിച്ച പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. ഷൊർണൂർ സ്വദേശി സാബിറ മൻസിലിൽ നൗഫലാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. അരമന ബാറിന് സമീപത്ത് വച്ച് നിജിൽ എന്നയാളുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണും പഴ്‌സും പിടിച്ചുപറിച്ച് ഓടുകയായിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനകത്തേക്ക് ഓടിക്കയറിയ ഇയാളെ നാട്ടുകാരും എയ്ഡ് പോസ്റ്റിലെ ജീവനക്കാരും ചേർന്ന് പിടികൂടി. ഇതിനിടെ ഇയാൾ പൊലീസ് എയ്ഡ് പോസ്റ്റിന്റെ ചില്ല് കൈകൊണ്ട് അടിച്ച് തകർത്തു. കൈക്ക് ഗുരുതര പരിക്കേറ്റ നൗഫലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഡെപ്യൂട്ടി ഓഫീസർ എ.ജി പ്രദീപിന്റെ പരാതിപ്രകാരം എയ്ഡ് പോസ്റ്റിന്റെ ചില്ല് തകർത്തതിന് ഈസ്റ്റ് പൊലീസ് കേസെടുത്തു.