വെഞ്ഞാറമൂട് : വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ കൊവിഡ് വാക്സിനേഷൻ ഒരുക്കങ്ങൾ പൂർത്തിയായി. വാമനപുരം ഫാമിലി ഹെൽത്ത് സെന്റർ, കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളാണ് ആദ്യ ഘട്ട വാക്സിൻ വിതരണ കേന്ദ്രമായി പ്രവർത്തിക്കുകയെന്നും ഇതിനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായും വാമനപുരം ബി ഡി.ഒ അറിയിച്ചു.
വാക്സിനേഷൻ ടീം പരിശീലനം, വാക്സിൻ വിതരണ കേന്ദ്രം ഒരുക്കൽ എന്നിവ ബ്ലോക്ക് തലത്തിൽ ആരംഭിച്ചു. പൊതുജനത്തിന് കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യാപകമായ ബോധവത്കരണം നടത്താനും ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ മാദ്ധ്യമ പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ശില്പ ശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമാളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി അദ്ധ്യക്ഷത വഹിച്ചു. ഡോ. പത്മ കേസരി, ഡോ. സജികുമാർ എന്നിവർ ക്ലാസെടുത്തു. പ്രതിനിധികളായ ശ്രീലാൽ., വി.എസ്. ആതിര, പി.ജെ. ശ്രീകല, മഞ്ജു എം.സി, എ. റിയാസ്, എ. ബീന, അജ്മൽ, രാധ, വൈ.വി. ശോഭകുമാർ, സുഹറ സലിം, ടി.നന്ദു, ടി.കെ. സജീവ്. അസീന ബീവി, അരുണ, സി. ബാലൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. സഖി സ്വാഗതവും ഹെൽത്ത് സൂപ്പർ വൈസർ ചന്ദ്രൻ നന്ദിയും പറഞ്ഞു.