monkey

കേളകം: വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടി കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് കേളകം പഞ്ചായത്തിലെ വെള്ളൂന്നി മാങ്കുളത്തെ കല്ലനാനിയിൽ ഗോവിന്ദനും മകൻ സുരേന്ദ്രനും. നല്ലൊരു വാഴ പോലുമില്ലാത്ത കുന്നിൻ ചെരുവിൽ പകൽ മുഴുവനുള്ള അദ്ധ്വാനത്തിലൂടെ കൃഷി ചെയ്തതെല്ലാം കാട്ടുപന്നിയും, കുരങ്ങും മലാനുമുൾപ്പെടെയുള്ള വന്യജീവികൾ രാപകൽ വ്യത്യാസമില്ലാതെ കൂട്ടമായെത്തി കൺമുന്നിൽ നശിപ്പിക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ ഇവർക്ക് കഴിയുന്നുള്ളു.

82ാം വയസിലും കല്ലനാനിയിൽ ഗോവിന്ദന് കൃഷിയാണ് ജീവിതമാർഗം. നാല്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് മലമുകളിൽ വാങ്ങിയ രണ്ടരയേക്കറിൽ തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, ഗ്രാമ്പു, നേന്ത്രവാഴ, മരച്ചീനി തുടങ്ങിയ സമ്മിശ്ര കൃഷിക്ക് മികച്ച ഉത്പാദനവുമുണ്ടായിരുന്നു.
ഗോവിന്ദനും ഭാര്യ ജാനകിയ്ക്കും കൃഷിയിടത്തിലിറങ്ങിയാൽ പിന്നെ പ്രായം ഒരു തടസമേയല്ല. വെറുതെയിരുന്ന് ശീലമില്ലാത്തതിനാൽ പറമ്പിലിറങ്ങി പണിയെടുക്കും. കൃഷിയാണ് ജീവിതമാർഗമെന്ന് അദ്ദേഹം പറയുന്നു. മലമുകളിൽ നല്ലൊരു കൃഷത്തോട്ടമൊരുക്കിയ ഗോവിന്ദൻ കേളകം കൃഷിഭവൻ ആരംഭിച്ചകാലം മുതൽ കാർഷിക വികസന സമിതി അംഗവുമാണ്. അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യമാണ് ഇവരുടെ സ്വസ്ഥത നശിപ്പിക്കുന്നത്. തെങ്ങിൻ തോട്ടത്തിലെ വിളഞ്ഞതും വിളയാത്തതുമായ തേങ്ങയെല്ലാം നിത്യേനയെന്നോണമെത്തുന്ന വാനരപ്പട പറിച്ചുതിന്നുകയും നശിപ്പിക്കുകയുമാണ്. സ്വന്തം ആവശ്യത്തിനും വിവാഹിതരായ മക്കളുടെ വീടുകളിലേക്കും വെളിച്ചെണ്ണ കൊടുത്തു കഴിഞ്ഞാലും വിൽക്കാനുള്ളത് ബാക്കിയാകുന്ന സ്ഥാനത്ത് ഇന്ന് കറിക്കരയ്ക്കാൻ തേങ്ങ വാങ്ങേണ്ട ഗതികേടിലായി.

പകൽനേരങ്ങളിൽ പറമ്പിൽ കുരങ്ങുകളുടെ വിളയാട്ടമായതിനാൽ തനിച്ച് താമസിക്കുന്ന ഇവർക്കിപ്പോൾ പുറത്തിറങ്ങാൻ പോലും പേടിയാണ്. പ്രതീക്ഷയോടെ നട്ടുവളർത്തിയ കപ്പയും മുന്നൂറോളം നേന്ത്രവാഴകളും ഒറ്റ രാത്രി കൊണ്ട് കാട്ടുപന്നികൾ നശിപ്പിച്ചത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. വിവരമറിഞ്ഞ് കേളകം കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ വനംവകുപ്പിന് അപേക്ഷ നൽകിയിട്ട് മൂന്നു മാസമായിട്ടും ബന്ധപ്പെട്ടവർ കൃഷിസ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്ന് സുരേന്ദ്രൻ വിഷമത്തോടെ പറയുന്നു.

10 വർഷം മുമ്പുവരെ സ്വസ്ഥമായ ജീവിതം നയിച്ചവരാണ് ഇപ്പോൾ കാട്ടുമൃഗങ്ങളെക്കൊണ്ട് ദുരിതത്തിലായത്.

അടുത്ത കാലത്തായി വീട്ടിനുള്ളിലേക്കും കുരങ്ങുകൾ അതിക്രമിച്ചു കടന്ന് കണ്ണിൽക്കണ്ടതെല്ലാം എടുത്തു കൊണ്ടു പോകും. ഒരു കലോ കപ്പ വാങ്ങിയാൽ പ്പോലും വേവിക്കുന്നതിന് മുമ്പ് അതും പാത്രത്തിൽ നിന്ന് എടുക്കും. മുളളൻ പന്നികൾ ടാപ്പിംഗിന് പാകമായ റബ്ബറിന്റെ ചുവട്ടിലെ തൊലി കാർന്നുതിന്ന് മരങ്ങൾ ഉണങ്ങുന്ന അവസ്ഥയിലുമായി. മലാന്റെ ശല്യവും രൂക്ഷമായത് റബ്ബർ പോലെയുള്ള നാണ്യവിളകൾക്കും ഭീഷണിയായി.

എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നെങ്കിലും സമൃദ്ധമായ വിളകളുടെ നടുവിൽ ജീവിച്ച ഇവർക്ക് ഇന്നിവിടെ നരകമാണ്.
ഇപ്പോൾ എങ്ങനെയെങ്കിലും മലയിറങ്ങണമെന്നേയുള്ളുവെന്ന് നെഞ്ച് പിടഞ്ഞുള്ള ജാനകിയുടെ വാക്കുകളിൽ നാലു പതിറ്റാണ്ടിലേറെക്കാലം പൊന്നുവിളയിച്ച മണ്ണ് ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ നൊമ്പരവുമുണ്ട്. വന്യമൃഗശല്യം രൂക്ഷമായതോടെ 15 ഓളം കുടുംബങ്ങൾ സ്ഥലം വിറ്റും കൃഷിസ്ഥലം ഉപേക്ഷിച്ചും മലയിറങ്ങി.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകൻ സുരേന്ദ്രന് ഒരേക്കറോളം സ്ഥലത്താണ് കൃഷി. കഴിഞ്ഞ പ്രളയത്തിൽ പറമ്പിൽ
ഒഴുകിവന്നടിഞ്ഞ കല്ലും മണ്ണുമെല്ലാം നീക്കി കയ്യാലകൾ തീർത്ത് 200 ഓളം വാഴകൾ നട്ടു. ആറുമാസത്തോളമായുള്ള അദ്ധ്വാനത്തിലൂടെ കൃഷി മെച്ചപ്പെടുമെന്ന കണക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വാനരപ്പട ഒരു ദിവസംകൊണ്ടുതന്നെ നൂറോളം വാഴകൾ പിഴുതുകളഞ്ഞു. വാഴപോലുമില്ലാതിരുന്ന സ്ഥലത്ത് തലച്ചുമടായി വിത്തും വളവുമെത്തിച്ച് നടത്തിയ കൃഷിയാണ് ഇങ്ങനെ നശിച്ചത്. ദിനംപ്രതി വന്യമൃഗശല്യം രൂക്ഷമാകുമ്പോൾ, കൃഷി ചെയ്ത് ജീവിക്കാമെന്ന പ്രദേശവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്.

വന്യമൃഗശല്യം രൂക്ഷമായതിനാൽ ഭക്ഷ്യവിളകളും നാണ്യവിളകളും ഉത്പാദിപ്പിക്കാൻ കഴിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

ഗോവിന്ദൻ കല്ലനാനിയിൽ
കർഷകൻ

കണ്ണൂർ ഡിവിഷനിലെ ഫണ്ടിന്റെ അപര്യാപ്തത മൂലം നഷ്ടപരിഹാരം നൽകുന്നതിന് ഒരു വർഷമായി കാലതാമസം വന്നിരുന്നു.
കൃഷി നാശം സംഭവിച്ച കർഷകർക്ക് സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് നഷ്ടപരിഹാരം നൽകാൻ കഴിയുന്നത്ര വേഗം നടപടി സ്വീകരിക്കും.

കെ.സി. രാജീവൻ
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
കൊട്ടിയൂർ വെസ്റ്റ്