railway

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ പരിസരത്ത് പിടിച്ച് പറി സംഭവങ്ങൾ വർദ്ധിക്കുന്നു. ചൊവ്വാഴ്ച രാത്രി യാത്രക്കാരനെ മർദ്ദിച്ച് അവശനാക്കി നാലായിരം രൂപയും ഫോണും കവർന്നു. ഒരു യുവതിയടക്കം മൂന്നുപേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിന് ശേഷം മൂവരും ബൈക്കിൽ കടന്നു കളയുകയും ചെയ്തു. റെയിൽവേ സ്റ്റേഷന് പരിസരത്ത് താമസിക്കുന്ന എൻ.കെ. സന്തോഷിന്റ പണമാണ് കവർന്നത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെയും എക്‌സൈസ് ഓഫീസിന്റയും ഇടയിലാണ് റെയിൽവെ സ്റ്റേഷനും വിജനവും കാടു പിടിച്ച സ്ഥലവും കിടക്കുന്നത്.

പന്തലായനി, മണമൽ ഭാഗത്തുള്ളവർ റെയിൽവെ ലൈൻ മുറിച്ച് കടന്നാണ് പോകുന്നത്. നേരത്തെ ഒരു വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്പിച്ചതിനെ തുടർന്നു കുറച്ച് കാലം പൊലീസ് ഈ പ്രദേശത്ത് പതിവായി നിരീക്ഷണം നടത്തിയിരുന്നു. തൊട്ടടുത്താണ് എക്‌സൈസ് ഓഫീസെങ്കിലും അവർ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൊവിഡ് കാലമായതിനാൽ ആൾ സഞ്ചാരം പൊതുവെ കുറവായിരിക്കും. റോഡരികിൽ അപരിചിതരായ നിരവധി കച്ചവടക്കാർ തമ്പടിച്ചിരിക്കുകയാണ്. ഈ അന്തരീക്ഷത്തിലാണ് പിടിച്ച് പറിക്കാരും ലഹരി വില്പനക്കാരും ഉപയോഗിക്കുന്നവരും ഇവിടം കേന്ദ്രമാക്കിയത്. പിങ്ക് പൊലീസ് ഒരു ചടങ്ങ് പോലെ ഈ റോഡിലൂടെ വല്ലപ്പോഴും വന്ന് പോകാറുണ്ടെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. നഗരസഭ സ്ഥാപിച്ച തെരുവ് വിളക്കുകൾ കത്താറില്ല. പലതിന്റേയും ബാറ്ററികൾ മോഷണം പോയതാണ്. പ്രശ്നം അധികരിച്ചതോടെ റസിഡന്റ് അസോസിയേഷൻ സംഘടിച്ച് ഇവിടങ്ങളിൽ കേന്ദ്രീകരിക്കുന്നവരെ തടയാൻ ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വ്യാപകമായി പോസ്റ്ററിംഗ് നടത്തിയിട്ടുണ്ട്. റെയിൽവേ കാടു പിടിച്ച് കിടക്കുന്ന സ്ഥലം വെട്ടി മാറ്റണമെന്നും ഈ ഭാഗം മുഴുവൻ സി.സി.ടി.വി നിരീക്ഷണത്തിലാക്കണമെന്ന് പരിസരവാസിയും പൊതുപ്രവർത്തകനുമായ ടി.പി. രാജൻ പറഞ്ഞു.