തിരുവനന്തപുരം: സർക്കാർ വലിയ സാമ്പത്തിക പ്രയാസത്തിലായ സാഹചര്യത്തിൽ വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിനിൽപ്പിനും ദേവസ്വം ബോർഡുകളുടെ നഷ്ടം കുറയ്‌ക്കാനും ഭക്തജനങ്ങൾ കാണിക്കയായി വലിയ തുകകൾ നൽകണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു.
ശബരിമലയിലെ വരുമാനം കൊണ്ട് 1523 ക്ഷേത്രങ്ങളിലെ ചെലവുകൾ വഹിച്ചിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, പിടിച്ചുനിൽക്കാൻ സർക്കാരിനോട് 100 കോടി രൂപ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. ഗുരുവായൂർ ഒഴികെയുള്ള ദേവസ്വം ബോർഡുകളെല്ലാം ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ക്ഷേത്ര ചെലവുകൾക്കും ബുദ്ധിമുട്ടുന്നു. ശാന്തിക്കാർക്ക് പോലും ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. കടുത്ത സാമ്പത്തിക നഷ്ടത്തിനിടയിലും 70 കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ നൽകി. 100 കോടി രൂപ ആവശ്യപ്പെട്ട് ബോർഡിൽ നിന്നും അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക് കൂടുതൽ സഹായം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളിലെ ചെലവ് ചുരുക്കും
വരുമാനം കുറഞ്ഞതോടെ, ക്ഷേത്ര ചെലവുകൾ ചുരുക്കാൻ ദേവസ്വം ബോർഡുകൾ കടുത്ത നടപടികൾ സ്വീകരിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്‌ക്കും. ഒരു മാസം ഏകദേശം 40 കോടിയാണ് ശമ്പളവും പെൻഷനും നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ചെലവ് . ശമ്പളം: 31.25 കോടിയും, പെൻഷൻ 9.16 കോടിയുമാണ്.