vaccine

തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന കൊവിഡ് വാക്സിൻ കുത്തിവയ്പിന് സംസ്ഥാനം ഒരുങ്ങി. രാവിലെ 10നാണ് ആ ചരിത്ര നിമിഷം. ഒരാേ ജില്ലയിലും ഒരോ മന്ത്രിയുടെ സാന്നിദ്ധ്യത്തിലാവും തുടക്കം. വൈകിട്ട് 5 വരെയാണ് കുത്തിവയ്പ്. ഒരു ദിവസം ഒരു കേന്ദ്രത്തിൽ നൂറുപേർക്കു മാത്രം.

ഒൻപതു മണിക്ക് തുടങ്ങാനിരുന്നത് കേന്ദ്ര നിർദേശ പ്രകാരമാണ് പത്തിലേക്ക് മാറ്റിയത്.

തിരുവനന്തപുരത്ത് പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് തുടക്കം. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ എത്തുന്നത്. സംസ്ഥാനതലത്തിൽ ഉദ്ഘാടനമില്ല.

133 കേന്ദ്രങ്ങളിലായി നടക്കുന്ന കുത്തിവയ്പിന് വാക്സിനുകൾ ഇന്നലെ ജില്ലാ കേന്ദ്രങ്ങളിലെത്തിച്ചു. തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൽ നിന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും എറണാകുളം മേഖലയിൽ നിന്ന് ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിലേക്കും കോഴിക്കോട് മേഖലയിൽ നിന്ന് കണ്ണൂർ, കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിലേക്കും എത്തിച്ചു.

വാക്‌സിൻ സ്വീകരിക്കാനായി എപ്പോൾ, ഏതു കേന്ദ്രത്തിൽ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് ഇന്ന് മുതൽ മൊബൈൽ സന്ദേശം ലഭിക്കും. ഒരു കേന്ദ്രത്തിൽ ഒരു ദിവസം നൂറു പേർക്ക് വാക്‌സിൻ നൽകും.

തിരുവനന്തപുരം ജില്ലയിൽ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്കാശുപത്രി, വിതുര താലൂക്കാശുപത്രി, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, വർക്കല ജില്ലാ ആയുർവേദാശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കുത്തിവയ്പ്.

3,68,866: രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർ

13,300: ആദ്യ ദിനത്തിൽ വാക്സിൻ സ്വീകരിക്കുന്നവർ