inhalation

തണുത്ത കാലാവസ്ഥയിൽ ചുമ സാധാരണമാണ്. പ്രത്യേകിച്ച് ഒരു അസുഖമില്ലാത്തപ്പോഴും ആളുകൾ ചുമയ്ക്കാറുണ്ട്. തൊണ്ട ശുദ്ധമാക്കുന്നതിനും പുകയടിക്കുമ്പോഴും പുകവലിക്കുന്നവരും വെള്ളം കുടിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യുമ്പോൾ തടസം നേരിടുന്ന ചില അവസരങ്ങളിലും അലർജിയുള്ളവരും ഗ്യാസിന്റെ അസുഖമുള്ളവരും ചുമയ്ക്കും.

എന്നാൽ, ചുമയ്ക്കുമ്പോൾ പച്ചയോ മഞ്ഞയോ നിറത്തിൽ കഫം വരികയോ, ശ്വാസംമുട്ടുകയോ, വർദ്ധിച്ച പനിയും കൂടി കാണുകയോ ചെയ്താൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

തേൻ ചേർത്ത കഷായമോ,വെള്ളമോ, ഇഞ്ചിനീരോ കഴിക്കുന്നത് ചുമയുള്ളവർക്ക് ഗുണം ചെയ്യും. ഇവയുൾപ്പെടെയുള്ള നിർജ്ജലീകരണം തടയാനായി ആവശ്യത്തിന് വെള്ളം കുടിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നവരിൽ ചുമ മാത്രമല്ല മൂക്കൊലിപ്പും തുമ്മലും കുറയും. കഫം അലിഞ്ഞു പോകും.

കട്ടികുറഞ്ഞ സൂപ്പ്, കട്ടൻചായ, ആയുർവേദ ഔഷധങ്ങളിട്ട് തിളപ്പിച്ചാറ്റിയ കഷായങ്ങൾ, ചെറുചൂടുള്ളവെള്ളം, ചെറുചൂടുള്ള ജ്യൂസുകൾ എന്നിവ കുടിക്കുന്നത് നല്ലതാണ്.

കഫം തുപ്പുന്ന വിധമുള്ള ചുമയുള്ളവർ ചൂടു വെള്ളത്തിൽ കുളിക്കുന്നതും അതിന് ബാത്ത്റൂമിൽ കുറച്ചുനേരം കൂടി നിൽക്കുന്നതും ആവി പിടിക്കുന്നതുമെല്ലാം പ്രയോജനം ചെയ്യും.

ആവി പിടിക്കുമ്പോൾ 20 മിനിറ്റെങ്കിലും തുടർച്ചയായി പിടിക്കാൻ ശ്രദ്ധിക്കണം. മൂടിയിരിക്കുന്ന തുണി ഇടയ്ക്കിടെ മാറ്റരുത്. എന്നാൽ, കണ്ണുകളെ ആവി കൊള്ളുന്നതിൽ നിന്ന് പ്രത്യേകം സംരക്ഷിക്കണം. തുടർച്ചയായി ചൂട് ലഭിക്കുന്നതിന് ആവിക്കുടത്തിൽ ഇടയ്ക്കിടെ ആവശ്യമായ ചൂടുവെള്ളം ഒഴിച്ചുകൊടുക്കണം. എന്നാൽ, അമിതമായ ചൂട് ഗുണം ചെയ്യില്ല. മറ്റൊരാളുടെ സഹായത്തോടെ ആവിപിടിക്കുന്നതാണ് സുരക്ഷിതം. വല്ലാതെ വെട്ടിവിയർത്ത് കുഴഞ്ഞു പോകുന്ന വിധത്തിലാണ് ആവി പിടിക്കേണ്ടതെന്ന് വിചാരിച്ചുവച്ചിരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

ആവി പിടിക്കലോ, കുളിയോ കഴിഞ്ഞ് ചൂടാറ്റിയ വെള്ളം കുടിച്ചാൽ നിർജ്ജലീകരണം കുറയ്ക്കാം.

തുളസി, തുമ്പ, പനിക്കൂർക്ക, യൂക്കാലിപ്റ്റസ് എന്നീ ഇലകളിലേ

തെങ്കിലുമോ, കഴിയുമെങ്കിൽ ഒരുമിച്ചോ ഇട്ട് വെള്ളമൊഴിച്ച് ഒരു തുറന്ന പാത്രത്തിൽ തിളപ്പിച്ച് ആവി മുറിയിൽ പരക്കുന്നത് ശ്വസിക്കുന്നതും ചുമ കുറയ്ക്കുന്നതിന് നല്ലതാണ്.

ഇരട്ടിമധുരം ചവച്ചിറക്കുന്നതും ആടലോടകത്തിന്റെ ഇലയുടെ നീര് തേൻ ചേർത്ത് കഴിക്കുന്നതും ഇഞ്ചിനീര് തേൻ ചേർത്ത് കഴിക്കുന്നതും നല്ലതുതന്നെ.

ത്രിഫല ചൂർണ്ണമിട്ട് തിളപ്പിച്ചാറ്റിയ കഷായം ഉപ്പോ, തേനോ ചേർത്ത് കവിൾ കൊള്ളുന്നത് കഫം അലിഞ്ഞു പോകുന്നതിനും ചുമയുടെ അനുബന്ധ ബുദ്ധിമുട്ടുകൾ കുറയുന്നതിനും നല്ലതാണ്.ചൂടാക്കിയ വെള്ളത്തിൽ ഉപ്പ് നന്നായി ലയിപ്പിച്ച് ചൂടാറിയശേഷം കവിൾ കൊള്ളുന്നതും ഗുണംചെയ്യും. ഇവയൊന്നും നല്ല ചൂടോടെ കവിൾ കൊള്ളേണ്ട കാര്യമില്ല. വല്ലാതെ കുലുക്കുഴിയേണ്ടതുമില്ല. പകരം കവിൽകൊണ്ട വെള്ളം കുറച്ചുനേരം തൊണ്ടയിൽ നിർത്തുകയാണ് വേണ്ടത്.