വെടിവയ്ക്കുമ്പോൾ അത് കാടടച്ച് എന്നതാണ് പി.ടി.തോമസിന്റെ ഒരു രീതി. കൊണ്ടാൽ കൊണ്ടതുതന്നെ. ഇല്ലെങ്കിലോ, കാടിന് തീപിടിച്ചത് മിച്ചം. ഉണ്ട പാഴായെന്നും വരാം. നിയമസഭയിലാകുമ്പോൾ പി.ടി. തോമസ് ഈ ശൈലിയും വച്ച് മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ തീപിടിപ്പിച്ചുവെന്നിരിക്കും. ഇന്നലെ അതാണുണ്ടായത്.
ഒരു മാതിരിപ്പെട്ട അഗ്നിശമന സേനാംഗങ്ങൾക്കൊന്നും ആ തീ അണയ്ക്കാനാകില്ലെന്ന് നിയമസഭയിലെല്ലാവർക്കും ബോദ്ധ്യമുള്ളതാണ്. മുഖ്യമന്ത്രി സ്വയം സംയമനത്തിന് തയാറായതിനാൽ വലിയ അത്യാഹിതം ഒഴിവായെന്ന് മാത്രം. മുഖ്യമന്ത്രിയെ നോക്കി, നിങ്ങളാണ് സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതിയെന്നും കേരളത്തിൽ ജയിലിൽക്കിടക്കുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായെത്തിയ തോമസ് വെടിയുതിർത്തു. സ്വർണക്കടത്ത് കേസിൽ ശിവശങ്കർ കിംഗ് പിൻ ആണെന്ന് കോടതി പറഞ്ഞെങ്കിൽ മുഖ്യമന്ത്രിയെ എംപറർ പിൻ എന്ന് വിളിക്കാനാണ് പി.ടി. തോമസ് ആഗ്രഹിക്കുന്നത്. അങ്ങനെയൊരു പ്രയോഗമില്ലാത്തതിനാൽ അതിനദ്ദേഹം തയാറായില്ല.
തോമസ് ഇരുന്ന് കഴിഞ്ഞ്, മുഖ്യമന്ത്രി എഴുന്നേൽക്കുമ്പോഴേ തീയുടെയും പുകയുടെയും ലാഞ്ഛന കാണാമായിരുന്നു. സംസാരിക്കുമ്പോൾ മന്ദതാളത്തിൽ മാസ്കൊന്ന് താടിയിലോട്ട് താഴ്ത്തിവച്ച്, മെല്ലെത്തുടങ്ങി മേൽസ്ഥായിയിലേക്ക് ഗമിക്കുന്നതാണ് കൊവിഡാനന്തരകാലത്തെ മുഖ്യമന്ത്രിയുടെ ശീലമെങ്കിലും ഇന്നലെയദ്ദേഹമത് മാറ്റിവച്ചു. പിണറായി, പിണറായിയായി. ആദ്യമേ മാസ്ക് അഴിച്ചെടുത്ത് മടക്കി കീശയിൽ തിരുകുമ്പോൾ സഭ സംഭ്രമജനകമായി. 'എന്തും പറയാം, വഷളാ' എന്ന ചൊല്ല് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത് സ്വാഭാവികം. ' എന്നെ, കുറച്ച് ഭള്ള് പറയണമെന്നുള്ളത് കൊണ്ട് കുറേ വാക്കുകളെടുത്ത് പ്രയോഗിക്കുകയായിരുന്നു. പി.ടി. തോമസേ, പിണറായി വിജയനെ മനസിലായിട്ടില്ല '- അർത്ഥശങ്കയ്ക്കിടയില്ലാത്ത പിണറായി മൊഴിയെത്തി. ലാവലിൻ കേസിന്റെ കാലത്ത് ശിവശങ്കർ കെ.എസ്.ഇ.ബി ചെയർമാനായിരുന്നുവെന്നത് പി.ടി.തോമസിന്റെ ഒരു പൊയ്വെടിയായിരുന്നു. അത് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി, ശിവശങ്കർ ഏത് കാലത്താണ് കെ.എസ്.ഇ.ബി ചെയർമാനായിരുന്നതെന്ന് തിരിച്ച് ചോദിക്കാതിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി ഈ സഭയിലിരിക്കുകയല്ലേയെന്ന് ഉമ്മൻ ചാണ്ടിയെ നോക്കാതെ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജയിലിൽ കിടത്തി നട്ടെല്ലൊടിച്ച് നടുവേദനയുണ്ടാക്കിക്കാൻ നിങ്ങളുടെ വലിയ നേതാവ് വിചാരിച്ചിട്ട് നടന്നിട്ടില്ലെന്നാണ് പിണറായിക്ക് പ്രതിപക്ഷത്തെ ഓർമ്മപ്പെടുത്താനുണ്ടായിരുന്നത്. നട്ടെല്ല് നിവർത്തിയാണ് നിൽക്കുന്നതെന്നദ്ദേഹം പറഞ്ഞു. കൈ നീട്ടിപ്പിടിച്ച്, അവ ശുദ്ധമാണെന്ന് പറഞ്ഞു. ഇതൊരു പ്രത്യേക ജനുസാണെന്നും അദ്ദേഹം പ്രതിപക്ഷത്തിന് പറഞ്ഞുകൊടുത്തു.
മുഖ്യമന്ത്രിയുടെ ആടിത്തകർത്ത 'കത്തിവേഷം' കണ്ടിട്ട് എഴുന്നേറ്റ പ്രതിപക്ഷനേതാവിന്, അതൊന്നും അത്രമേൽ ബോധിച്ചില്ലെന്ന് വ്യക്തമായി. സ്വന്തം ഓഫീസിനെ നിയന്ത്രിക്കാനറിയാത്തയാൾ കേരളത്തെയെങ്ങനെ നിയന്ത്രിക്കുമെന്ന് അദ്ദേഹത്തിനറിയണം. നൂറുകണക്കിന് അനധികൃത നിയമനങ്ങൾ അങ്ങയുടെ വകുപ്പിൽ നടന്നിട്ട് അതറിഞ്ഞില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ എന്താണർഹതയെന്നും അറിയണം.
അതറിയില്ലെന്നുറപ്പുള്ളതിനാൽ പതിവനുസരിച്ചുള്ള ഇറങ്ങിപ്പോക്കിൽ കാര്യങ്ങളവസാനിച്ചെന്നതാണ് ഇക്കഥയുടെയും ക്ലൈമാക്സ്.
മുസ്ലിംലീഗ് ഒരിക്കലും മുഖ്യമന്ത്രിപദവി വഹിക്കാൻ പാടില്ലാത്ത പാർട്ടിയാണെന്നാണ് മുഖ്യമന്ത്രിയുടെ ലീഗ് വിരുദ്ധ പ്രതികരണങ്ങൾ കേട്ടിട്ട് എം.കെ. മുനീറിന് തോന്നുന്നത്. അതിനാൽ മതിലിൽ തേൻ തേച്ചുവച്ച ഇബിലീസിനോട് നന്ദിപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയെ അദ്ദേഹം തുലനം ചെയ്തു. ആ തേൻ തിന്നാൻ ജന്തുജാലങ്ങൾ നിരനിരയായെത്തിയത് പോലെ മതിലിൽ തേച്ചുവച്ച ചെറിയ ലീഗ് വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നാലെ വർഗീയശക്തികളെല്ലാം നിരനിരയായെത്താൻ പോവുകയാണത്രേ.
ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ വിജയമായിരിക്കും യു.ഡി.എഫിന്റെ അന്ത്യം കുറിക്കാൻ പോകുന്നതെന്നതിൽ എ. പ്രദീപ്കുമാറിന് ഉറച്ച ബോദ്ധ്യമുണ്ട്. ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസേയുള്ളൂവെന്നും പറഞ്ഞ്, ഫാസിസത്തിനെതിരെ പട നയിക്കാനിറങ്ങിയ രാഹുൽഗാന്ധിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഇന്നത്തെ അവസ്ഥ കണ്ടിട്ടാണീ ബോദ്ധ്യം.
മദ്യവില കൂട്ടിയതിൽ അഴിമതി മണത്തത് പ്രതിപക്ഷനേതാവാണ്. കഴിഞ്ഞ കാലത്തെ മന്ത്രിമാരുടെ സമീപനം വച്ച് ഇപ്പോഴത്തെ മന്ത്രിമാരെ താരതമ്യപ്പെടുത്തരുതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ അഭ്യർത്ഥിച്ചു. പ്രതിപക്ഷനേതാവുന്നയിച്ച പല മദ്യക്കമ്പനികളുടെയും പേരുകൾ അദ്ദേഹം ആദ്യമായിട്ടാണ് കേൾക്കുന്നത്. പാവം മന്ത്രിയെ സംശയിച്ചില്ലെങ്കിലും അഴിമതിമണം മാറാത്തതിനാൽ അന്വേഷിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ഗൗരവമായി ഒരു കാര്യത്തെയും സമീപിക്കാൻ തയാറാകാത്ത പ്രതിപക്ഷത്തെയോർത്ത്, നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിൽ മുഖ്യമന്ത്രി വ്യാകുലചിത്തനായി.