തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്ക്കാൻ പ്രത്യേക കർമ്മ സേന രൂപീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അതതു ഡിവിഷനുകളിലാണ് കർമ്മസേന രൂപീകരിക്കുന്നത്. ജന ജാഗ്രതാ സമിതിയുടെ ശുപാർശ സഹിതമോ അല്ലാതെയോ കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി തേടിക്കൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന അപേക്ഷകൾ 24 മണിക്കൂറിനകം തീർപ്പാക്കണമെന്ന് ജനുവരി 11ഇറങ്ങിയ വനംവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇവയുടെ ജഡം സമയപരിധിക്കുള്ളിൽ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങണം. വിഷ പ്രയോഗം, സ്‌ഫോടകവസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏൽപ്പിക്കൽ എന്നീ മാർഗങ്ങളിലൂടെ കാട്ടുപന്നികളെ കൊല്ലാൻ പാടില്ല.